തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധിയുടെ (അക) ഈ കാലഘട്ടത്തില്‍ തന്റെ ഫോണ്‍ ഉള്‍പ്പെടെ ചോര്‍ത്തപ്പെടുന്നുണ്ടെന്നും താന്‍ നിരന്തര നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. ഫോണ്‍ ചോര്ത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനായി പല കാര്യങ്ങളും ഫോണിലൂടെ മനഃപൂര്‍വം തെറ്റിച്ചു പറയാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കാലത്ത് നമ്മള് എന്ത് തീരുമാനിക്കണം, എന്ത് ചെയ്യണം എന്നുപോലും മറ്റാരോ ആണ് നിശ്ചയിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും കാറിലും വീട്ടിലും മുറിയിലുമെല്ലാം കയറുമ്പോഴും നമ്മള് ആരുടെയോ നിരീക്ഷണത്തിലാണ്. സ്വകാര്യതയെന്നൊന്നില്ലെന്നും താന്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോര്‍ജ് ഓര്‍വെല്ലിന്റെ വിഖ്യാത നോവലായ ‘1984’ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കോളജ് പഠനകാലത്ത് ഈ പുസ്തകം വായിച്ചപ്പോള്‍, ഭരണകൂടം പൗരന്മാരെ നിരീക്ഷണത്തിലാക്കുന്ന പ്രമേയം തന്നെ ഒരു മാസത്തോളം കടുത്ത മാനസിക പിരിമുറുക്കത്തിലും അരക്ഷിതാവസ്ഥയിലുമാക്കിയിരുന്നു. എന്നാല്‍, ഇന്നത്തെ കാലത്ത് താന്‍ നിരീക്ഷണത്തിലാണെന്ന് കൃത്യമായ ബോധ്യമുള്ളതിനാല്‍ അത്തരം ഭയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
