കന്യാകുമാരി: വിദേശത്തുനിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരിയിലെ ഇരണിയലിന് സമീപം നെയ്യൂര്‍ കാട്ടുവിള സ്വദേശി ഷമീല്‍ ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം അക്രമിസംഘം യാതൊരു കൂസലുമില്ലാതെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഷമീലും അതേ പ്രദേശത്തുള്ള മുകേഷും സുഹൃത്തുക്കളായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഷമീലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സഹോദരന്റെ ഇരുചക്രവാഹനം മുകേഷ് തീയിട്ട് നശിപ്പിച്ചിരുന്നു. ശേഷം വിദേശത്തേക്ക് പോയ ഷമീല്‍ ആറ് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഷമീലിന്റെ വീടിന് സമീപം മറ്റൊരു മുകേഷിന്റെ ഉടമസ്ഥതയില്‍ മരമില്ലുണ്ട്.
ഇന്നലെ വൈകുന്നേരം ഈ മരമില്ലില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയും ഷമീലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാത്രിയോടെ നേരത്തെ ബൈക്ക് കത്തിച്ച മുകേഷ്, മരമില്‍ ഉടമയായ മുകേഷ്, അഖില്‍ എന്നിവരടങ്ങുന്ന സംഘം വടിവാള്‍, കത്തി, വടി എന്നീ മാരകായുധങ്ങളുമായി ഷമീലിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഷമീലിനെ സംഘം ക്രൂരമായി വെട്ടുകയും കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷമീല്‍ സംഭവസ്ഥലത്തുവെച്ചു മരിച്ചു.
വിവരമറിഞ്ഞ് ഇരണിയല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷമീലിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
