റിയാദ്: ആത്മവിശ്വാസത്തോടെ സംസാരിക്കാനും ആശയ വിനിമയ ശേഷിയും നേതൃത്വ പാടവവും വികസിപ്പിക്കാനും ലക്ഷ്യമിട്ട് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാമിന്റെ (സി എല് പി) ഭാഗമായി സംഘടിപ്പിച്ച ഏകദിന സ്പീച്ച് ക്രാഫ്റ്റ് ശിൽപശാല ശ്രദ്ധേയമായി. ബത്ഹയിലെ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച ശിൽപശാലയിൽ പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ ആറ് പരിശീലന സെഷനുകൾ നടന്നു. പൊതുപ്രസംഗത്തിന്റെ പ്രാധാന്യം, പ്രസംഗവിഷയം തിരഞ്ഞെടുക്കുന്ന രീതി, പ്രസംഗത്തിന്റെ തയ്യാറെടുപ്പും ഘടനയും, ലക്ഷ്യബോധത്തോടെയുള്ള അവതരണം, ശരീരഭാഷ, ശബ്ദ വിന്യാസം, പ്രചോദനാത്മകമായ വാക്കുകളുടെ പ്രയോഗം തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിന്റെ ഭാഗമായി.
മെമ്പർഷിപ്പ് സെക്രട്ടറി മുഹമ്മദ് നൗഷീർ ഖുർആൻ സന്ദേശം നൽകി ആരംഭിച്ച പരിപാടിയിൽ അബ്ദുൽ അസീസ് തങ്കയത്തിൽ സ്പീച്ച് ക്രാഫ്റ്റിന്റെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും പരിചയപ്പെടുത്തി.
സിജി റിയാദ് മുൻ ചെയർമാൻ ഡി ടി എം നവാസ് റഷീദിന്റെ നേതൃത്വത്തിൽ നടന്ന ശിൽപശാലയിൽ പ്രമുഖ ടോസ്റ്റ് മാസ്റ്റർമാരായ സലീം പള്ളിയിൽ, മുനീർ കൊടുങ്ങല്ലൂർ, ഹാജർ അഷ്റഫ്, ഇബ്റാഹിം സുബ്ഹാൻ എന്നിവർ വിവിധ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി.
പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകിയ ശിൽപശാലയിൽ പങ്കാളികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മെന്റർമാരുടെ മാർഗ നിർദേശത്തോടെ പ്രസംഗങ്ങൾ തയ്യാറാക്കാനും അവതരിപ്പിക്കാനും അവസരമൊരുക്കി. ഓരോ അവതരണത്തിനുശേഷവും പരിശീലകരുടെ വിലയിരുത്തലുകളും ക്രിയാത്മക നിർദേശങ്ങളും പ്രസംഗശേഷി മെച്ചപ്പെടുത്താൻ സഹായകമായി.
വേദിയെ അഭിമുഖീകരിക്കാനുള്ള ഭയം മറികടക്കുന്നതിനും ആശയങ്ങൾ വ്യക്തമായും ഫലപ്രദമായും അവതരിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലായിരുന്നു പരിശീലനം. ഗ്രൂപ്പ് പ്രവർത്തനങ്ങളും വാക്ചാതുരി വികസിപ്പിക്കുന്ന രസകരമായ മത്സരങ്ങളും ശിൽപശാലയെ കൂടുതൽ സജീവമാക്കി.
രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന ശിൽപശാല പങ്കാളികളുടെ സജീവമായ ഇടപെടലുകളാൽ സമ്പന്നമായി. സിജിയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ചീഫ് കോർഡിനേറ്റർ മുസ്തഫ മാനന്തേരി വിശദീകരിച്ചു. പരിശീലനം പൂർത്തിയാക്കിയവർക്ക് സിജി റിയാദ് ലീഡർമാരായ അബ്ദുൽ നിസാർ, അമീർ ഖാൻ, അലി സൈനുദ്ദീൻ, ഷീബ അസീസ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സി.എൽ.പി എഡ്യുക്കേഷണൽ സെക്രട്ടറി സമീർ മാളിയേക്കൽ സ്വാഗതവും ലോജിസ്റ്റിക് സെക്രട്ടറി അബൂബക്കർ മഞ്ചേരി നന്ദിയും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
