റാസൽഖൈമ ബസ് അപകടം: മരിച്ചവരിൽ ഇന്ത്യക്കാരും

News Desk
1 Min Read

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ ബസപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ അപകടത്തിലെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു. 14 പേർ പരിക്കുകളോടെ ചികിത്സയിലാണ്. 41 പേരാണ് ബസിലുണ്ടായിരുന്നത്. തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യൻ കോൺസുലേറ്റ്, മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പർ കോൺസുലേറ്റ് സജ്ജമാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായാണ് ആദ്യം യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും അടിയന്തര വൈദ്യസഹായങ്ങളും വേഗത്തിൽ ലഭ്യമാക്കിയിരുന്നു. അപകട കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടും. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ ട്രക്ക് അപകടത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് യുഎഇയിൽ നിന്ന് മറ്റൊരു വലിയ അപകട വാർത്ത കൂടി വരുന്നത്. 12 ദിവസങ്ങൾക്ക് മുമ്പ് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആ അപകടത്തിൽ 18 വാഹനങ്ങൾ തകരുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!