മുക്കം: കരുണയുടെ രുചിയൂറുന്ന ബിരിയാണിയും പായസവും ചായസത്കാരങ്ങളും… കളി കാര്യമാക്കി, കൈത്താങ്ങാവുന്ന കളിയിടങ്ങൾ. ആക്രിപെറുക്കിയും വീടുകയറിയിറങ്ങിയും പണം സമാഹരിക്കുന്ന കൂട്ടായ്മകൾ. ചികിത്സാസഹായനിധിയിലേക്ക് കുടുക്ക നൽകുന്ന കുട്ടികൾ… വിധിക്ക് വിട്ടുനൽകാതെ ഡേവിഡിനെയും ഏഥനെയും ഒലിവറിനെയും നാം ചേർത്തുപിടിച്ചപ്പോൾ, ചികിത്സാസഹായം 25 കോടി പിന്നിട്ടു.
അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്‌ക്യുലർ ആട്രഫി (എസ്.എം.എ.) ബാധിച്ച കല്ലുരുട്ടിയിലെ കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ നടത്തുന്ന സഹായദൗത്യം തുടരുകയാണ്. ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ ഇനിയുള്ള 16 ദിവസംകൊണ്ട് 25 കോടി രൂപകൂടി കണ്ടെത്തണം. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതുവരെ പ്രവർത്തനങ്ങൾ തുടരാനാണ് സഹായസമിതിയുടെയും കൂട്ടായ്മകളുടെയും തീരുമാനം.
പാട്ടുവണ്ടി, ബക്കറ്റ് പിരിവ്, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കളക്‌ഷൻ തുടങ്ങി, ഒട്ടേറെ മാർഗങ്ങളിലൂടെയാണ് ചെറുതും വലുതുമായ തുകകൾ ചികിത്സാസഹായകമ്മിറ്റിയുടെ ഓഫീസിലെത്തുന്നത്. സന്നദ്ധസംഘടനകളും കൂട്ടായ്മകളും കൊണ്ടുവരുന്ന തുക രാത്രി രണ്ടുമണിവരെ ഓഫീസിലിരുന്ന് തരംതിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി പിറ്റേന്നുരാവിലെയാണ് ചികിത്സാസഹായ കമ്മിറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നത്. ഓരോദിവസവും പുതിയ കൂട്ടായ്മകൾ ദൗത്യത്തിന്റെ ഭാഗമാകുമ്പോൾ, കുരുന്നുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഒരു നാട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
