ഞാൻ സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനം അനുസരിച്ചു, വില കുറഞ്ഞു’; അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 

malayalampress
2 Min Read

ന്യൂഡൽഹി: ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്‍റെ അഭ്യർഥന ജനങ്ങൾ സ്വീകരിച്ചതാണ് സ്വർണ വില കുറയാൻ സഹായിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യമായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു, അഭ്യർഥന ജനം സ്വീകരിച്ചെന്നും ഇത് വില കുറയാൻ കാരണമായെന്നുമാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ഭക്ഷ്യക്ഷാമകാലത്ത് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കണമെന്ന് മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ജനങ്ങളോട് നടത്തിയ അഭ്യർഥനയുമായാണ് മോദി തന്‍റെ നിർദേശത്തെ താരതമ്യം ചെയ്തത്. അന്ന് ശാസ്ത്രിയുടെ ആഹ്വാനം സ്വീകരിച്ച ജനം ഇപ്പോഴും അതേ മനോഭാവം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഖ്നോവിൽ നടന്ന നൈപുണ്യ പരിശീലന ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ഒരു വർഷം മുമ്പ് ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നായിരുന്നു അഭ്യർഥന. ജനങ്ങൾ അത് സ്വീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലാൽ ബഹദൂർ ശാസ്ത്രിജി ഒരിക്കൽ രാജ്യത്തെ ജനങ്ങളോട് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. രാജ്യം അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ചു. അതേ സ്വഭാവവും മനോഭാവവും ഇന്നും നമ്മുടെ രാജ്യത്തിനുണ്ട്’ -മോദി കൂട്ടിച്ചേർത്തു. തന്‍റെ നിർദേശം അനുസരിച്ചതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞെന്ന് നിരവധി പേർ തന്നോട് പറഞ്ഞതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

സ്വർണ്ണ വിലയിടിവ് ആഗോള പ്രതിഭാസം

സ്വർണ്ണ വിലയിടിവ് ആഗോള പ്രതിഭാസമായാണ് കണക്കാക്കുന്നത്. അമേരിക്ക-ഇറാൻ യുദ്ധത്തെ തുടർന്നുള്ള ആശങ്കകളും ഇന്ധന-ഊർജക്ഷാമവും നിലനിൽക്കെ, പൊതുയോഗങ്ങളിൽ ഇന്ധനത്തിന്റെയും സ്വർണത്തിന്റെയും ഉപഭോഗം കുറക്കണമെന്ന് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും ഡോളർ ശക്തിപ്പെടുന്നതും യു.എസ് ഫെഡറൽ റിസർവ് നിരക്ക് വർധിക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണത്തിന്‍റെ വില കുറയാൻ കാരണമായി വിലയിരുത്തുന്നത്.

പണപ്പെരുപ്പ സമ്മർദത്തെ നേരിടാൻ യു.എസ് ഫെഡറൽ റിസർവ് ഡിസംബറിൽ വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് വിവരം. ഈ ആശങ്ക ആദായം നൽകാത്ത സ്വർണത്തിൽ നിന്ന് ബോണ്ടുകളിലേക്കും വരുമാനം നൽകാൻ സാധ്യതയുള്ള മറ്റ് സാമ്പത്തിക ഉപകരണങ്ങളിലേക്കും നിക്ഷേപകരെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നു. ഈ മാറ്റം സ്വർണവിലയിൽ സമ്മർദം ചെലുത്തുന്നുണ്ട്. കൂടാതെ, ഡോളറിന്റെ മൂല്യം വർധിക്കുന്നതും സ്വർണവിലയിൽ സ്വാധീനിക്കുന്നുണ്ട്.

യു.എസ് ട്രഷറി ബോണ്ട് വരുമാനത്തിലെ ചലനമാണ് വില കുറയാനുള്ള മറ്റൊരു പ്രധാന ഘടകം. ബോണ്ട് വരുമാനം ഉയരുമ്പോൾ കൂടുതൽ ആദായം നൽകുന്ന സർക്കാർ സെക്യൂരിറ്റികളെ മികച്ച ഓപ്ഷനായി നിക്ഷേപകർ കാണുന്നതോടെ സ്വർണത്തിൽ നിക്ഷേപം കുറയും. ഈ വർഷമാദ്യം ഉണ്ടായ സ്വർണവിലയിലെ കുതിപ്പ് നിക്ഷേപകർക്ക് വലിയ ലാഭം സമ്മാനിച്ചിരുന്നു. വില ഇടിയാൻ തുടങ്ങിയതോടെ പല നിക്ഷേപകരും തങ്ങളുടെ കൈയിലെ സ്വർണം വിറ്റ് ലാഭം സുരക്ഷിതമാക്കാൻ ശ്രമിച്ചു. ഇതിനെയാണ് profit booking എന്ന് പറയുന്നത്. ഇതും വിലയിടിവിന് കാരണമായി

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!