വൈദ്യുതി മന്ത്രി വേദിയിലേക്ക് കടന്നതും കറന്റ് പോയി; സബ് എൻജിനീയർക്ക് സസ്‌പെൻഷൻ

News Desk
1 Min Read

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ കറന്റ് പോയ സംഭവത്തിൽ സബ് എൻജിനീയർക്ക് സസ്‌പെൻഷൻ. കണ്ണൂരിൽ കേരള സഹകരണ റിസ്‌ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയാണ് കറന്റ് പോയത്. മന്ത്രി സണ്ണി ജോസഫ് വേദിയിലെത്തിയപ്പോഴാണ് കറന്റ് പോയത്. തുടർന്ന് മൈക്കില്ലാതെയാണ് അദ്ദേഹം പ്രസംഗിച്ചത്.

പരിപാടിക്ക് ശേഷമാണ് സബ് എൻജിനീയർ സതീഷ് ബാബുവിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത്. കറന്റ് പോയതിന് പിന്നാലെ ജനറേറ്റൽ എത്തിച്ചാണ് പരിപാടി തുടർന്നത്.

സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എം.എൽ.എ. കെ.എസ്.ഇ.ബി. ചെയർമാന് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് സബ് എൻജിനീയർക്കെതിരെ സസ്‌പെൻഷൻ നടപടി ഉണ്ടായത്.

‘ഇവിടെ ഇടതുപക്ഷം ഭരിച്ചപ്പോൾ ഉണ്ടായതിൽനിന്നും മാറ്റമുണ്ടായിട്ടില്ല. കുറച്ചുകൂടി പ്രയാസമുണ്ടാക്കുന്ന നടപടികളാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഉണ്ടായത്.’ മോഹനൻ എം.എൽ.എ. ആരോപിച്ചു.

‘സാധാരണ ഗതിയിൽ കറന്റ് കട്ട് ഉണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള സന്ദേശം വരാറുണ്ട്, അതിനുശേഷമേ കറന്റ് കട്ട് ചെയ്യാറുള്ളൂ. എന്നാലിവിടെ അങ്ങനെയല്ല ഉണ്ടായത്. കൃത്യമായി വൈദ്യുതി മന്ത്രി ആ വേദിയിലേക്ക് കടന്നു, സ്റ്റേജിൽ കയറി ഇരിക്കാൻ തുടങ്ങുമ്പോഴാണ് കറന്റ് കട്ടായത്.’ അദ്ദേഹം പറഞ്ഞു.

‘അന്വേഷിച്ചപ്പോൾ ആ സമയത്ത് കറന്റ് കട്ട് തീരുമാനിച്ചിരുന്നില്ല എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. അപ്പോൾ ഇത് ബോധപൂർവം സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാനും വൈദ്യുതിമന്ത്രിക്കെതിരെ മോശമായ പ്രചരണം നടത്താനുംവേണ്ടി മനപൂർവം നടത്തിയ പ്രവർത്തിയാണ്.’ മോഹനൻ എം.എൽ.എ. ആരോപിച്ചു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!