കൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് മോഗറല്‍ മലയന്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണു പോലീസിന്റെ പിടിയിലായത്.
അബ്ദുല്‍ റസാഖ് 12ഉം 9ഉം വയസ്സുള്ള പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. പ്രതിയും സുഹൃത്തുക്കളും പെരുമ്പാവൂരിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. കെട്ടിടനിര്‍മാണത്തൊഴിലാളിയായും ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് എന്നീ ജോലികളും ഇയാള്‍ ചെയ്തിരുന്നു.
വാടകവീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന സഹോദരിമാരെയാണു പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസമാണു പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പീഡനം പ്രതി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു.
കുറച്ചു നാളുകളായി പ്രതി കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു പോലീസിനു ലഭിച്ച വിവരം. ഇയാളുടെ സുഹൃത്തിനു തോന്നിയ സംശയമാണു പ്രതി പിടിയിലാകാന്‍ കാരണം. പീഡന വിവരം സുഹൃത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. സിഡബ്ല്യുസി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പോലീസ് കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.





