റോഡിൽ അഭ്യാസപ്രകടനങ്ങൾ; അതിവേഗം പിടികൂടി പോലീസിന്റെ ‘മാസ് നീക്കം’

അൽ ഐൻ: റോഡിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത ഡ്രൈവർമാരെ അബുദാബി പൊലീസ് പിടികൂടി.

അൽ ഐൻ മേഖലയിൽ സുരക്ഷാ പട്രോളിങ്ങിനിടെയാണ് നിയമലംഘകർ വലയിലായത്. പിടികൂടിയവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ‘സ്മാർട്ട് റോഡ് സെക്യൂരിറ്റി’ ക്യാംപെയ്ന്റെ ഭാഗമായാണ് നടപടി.

പൊതുജനങ്ങളുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു. ഫീൽഡ് ടീമുകൾക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിവേഗത്തിലാണ് ഡ്രൈവർമാരെ പിടികൂടിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

ഗതാഗത നിയമങ്ങളുടെ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. അശ്രദ്ധമായും സാഹസികമായും വാഹനം ഓടിക്കുന്നത് വലിയ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ സുരക്ഷയ്ക്കാണ് അബുദാബി പൊലീസ് പ്രഥമ പരിഗണന നൽകുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.