ഡൽഹി: ഇൻഡ്യ സഖ്യത്തിൽ മുസ്‌ലിം ലീഗിന് അവഗണന തുടരുന്നു. സോണിയ ഗാന്ധിയുടെ ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങിലേക്കും മുസ്‌ലിം ലീഗിനെ ക്ഷണിച്ചില്ല. നേരത്തെ രാംലീല മൈതാനിയിലെ പരിപാടിയിൽ ലീഗിന് പ്രസംഗിക്കാൻ അവസരം നൽകാത്തതും വിവാദമായിരുന്നു.
സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് വലിയ പരിപാടിയാണ് കോൺഗ്രസും ഇൻഡ്യ സഖ്യകക്ഷികളും ചേർന്ന് സംഘടിപ്പിച്ചത്. ഇന്‍ഡ്യ മുന്നണിയിലെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പ്രത്യേക പരിഗണനയും ലഭിച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപിയുടെ ഭാഗമായ അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള ആളുകളും പരിപാടിയിലുണ്ടായിരുന്നു.
അതേസമയം ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് പല പാര്‍ട്ടികളെയും ഒഴിവാക്കുകയും ചെയ്തു. സിപിഎം, സിപിഐ എന്നിവയ്ക്ക് പുറമേ മുസ്‌ലിം ലീഗിനെയും പരിപാടിയിലേക്ക് ക്ഷണിച്ചില്ല. ഇതിൽ ലീഗിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
ഇന്‍ഡ്യ സഖ്യത്തിലെ പ്രബലമായ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അതുപോലെ കേരളത്തില്‍ യുഡിഎഫിലെ പ്രബലമായ കക്ഷിയുമാണ്. മന്ത്രിസഭയില്‍ ലീഗിന് അഞ്ച് മന്ത്രിമാരുമുണ്ട്. മുമ്പ് മുസ്‌ലിം ലീഗിന് ഡല്‍ഹിയില്‍ കാര്യമായ പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് പരിഗണന കുറഞ്ഞിട്ടുണ്ടെന്നാണ് ലീഗിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
നേരത്തെ ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ മുന്നണി വലിയ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധറാലിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇടം ലഭിച്ചെങ്കിലും പ്രസംഗിക്കാന്‍ അവസരം നിഷേധിച്ചു. ലീഗിന്റെ നേതാക്കളാരും പ്രസംഗിക്കാത്തത് വിവാദമായിരുന്നു. അന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മുസ്‌ലിം ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തുകയുണ്ടായി. എന്നാല്‍ സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുസ്‌ലിം ലീഗിനെ ക്ഷണിക്കുക പോലും ചെയ്തില്ല. അതിഥിയായി പങ്കെടുക്കാന്‍ പോലും ലീഗിന്റെ നേതാക്കളെ ക്ഷണിച്ചില്ല. ഇതോടെ തങ്ങളെ തഴയുകയാണെന്ന പരാതി ലീഗിനുള്ളിൽ ശക്തമായിരിക്കുകയാണ്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
