അടിയന്തര സദ്യയ്ക്ക് ബീഫ് വിളമ്പാത്തതിന് വയോധികന്റെ പല്ല് അടിച്ചുതെറിപ്പിച്ചു; പ്രതി പിടിയിൽ

News Desk
1 Min Read

ചേർത്തല: മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള അടിയന്തര സദ്യയ്ക്ക് ബീഫ് വിളമ്പാത്തതിന്റെ പേരിൽ വയോധികന്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് ഉന്നതിയിൽ ശ്യാംകുമാർ (ചക്രൻ ശ്യാം) (41) ആണ് തൃശൂരിൽ നിന്നും പിടിയിലായത്. ആ​ഗസ്ത് 22 നാണ് കേസിനാസ്പദമായ സംഭവം.

ചക്കനാട്ട് ഉന്നതിയിൽ ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങളുടെ ഭാ​ഗമായി നടന്ന 16-ാം അടിയന്തരത്തോടനുബന്ധിച്ചുള്ള സദ്യയ്ക്കിടെയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ ചിക്കൻ കറി നൽകിയതിൽ പ്രകോപിതനായ പ്രതി ബീഫ് വേണമെന്നാവശ്യപ്പെട്ട് ബഹളം ഉണ്ടാക്കുകയും ഭക്ഷണം വിളമ്പിയ വയോധികനെ മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു.

സംഭവത്തിനുശേഷം നാടുവിട്ട പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇയാൾ തൃശൂരിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് രഹസ്യ വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ചേർത്തല സബ് ഇൻസ്പെക്ടർമാരായ ബജിത്ത്, സുനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് തൃശൂരിലെത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!