ലണ്ടൻ: മലയാളി അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫസർ ഡോ. ജോയി കൊച്ചുകണ്ടത്തിൻകര ജോസഫ് (72) ബർമിങ്ങാം വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് അന്തരിച്ചു. യുകെയിലെ റെഡിച്ചിൽ കുടുംബസമേതം താമസിച്ചിരുന്ന അദ്ദേഹം നാട്ടിൽനിന്ന് മടങ്ങിയെത്തിയ വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.
വിമാനമിറങ്ങിയ ശേഷം ലഗേജുകൾക്കായി കാത്തുനിൽക്കുന്നതിനിടെയാണ് അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. വിമാനത്താവള അധികൃതർ ഉടൻ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ മകനെ തേടിയെത്തിയത് അപ്രതീക്ഷിത വിയോഗവാർത്തയായിരുന്നു.
കോട്ടയം ജില്ലയിലെ അരുവിത്തറ സ്വദേശിയായ ജോയി കൊച്ചുകണ്ടത്തിൻകര ജോസഫ് തിരുവനന്തപുരം കഴക്കൂട്ടത്ത് വീടുവച്ച് താമസിച്ചുവരികയായിരുന്നു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ പ്രഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് യുകെയിലെത്തി അധ്യാപന-ഗവേഷണ മേഖലകളിൽ സജീവമായി.
കൊച്ചി കുസാറ്റിൽനിന്ന് ബിരുദവും കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും മദ്രാസ് സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, കവൻട്രി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് തുടങ്ങിയ പ്രമുഖ ബ്രിട്ടിഷ് സർവകലാശാലകളിൽ അധ്യാപനരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ലണ്ടനിലെ ബിസിനസ് സ്കൂൾ ഓഫ് ഇംഗ്ലണ്ടിൽ ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ടച്ചുമതലയും വഹിച്ചിട്ടുണ്ട്.
ഓർഗനൈസേഷനൽ സൈക്കോളജി, ഫിനാൻസ്, മാനവവിഭവശേഷി തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനും ഗവേഷകനുമായിരുന്നു. ജനീവയിൽ നടന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തിയിട്ടുണ്ട്. കൗൺസിലിങ്, പരിശീലനം, എഴുത്ത്, ഗവേഷണം തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ഭാര്യ: മേരി ജീൻ. മക്കൾ: ഷാരോൺ ജോയി, റോമി ജോയി, റെമോ ജോയി. മരുമക്കൾ: ആഷേലി, അല്ലി സി. കോശി, ജോസ്ന ജെയിംസ്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
