മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച റോഡ് കിഴക്കൻ സഊദിയിൽ; “സഫ്‌വ – റഹിമ” ഇരട്ട സമുദ്ര പാലം ശ്രദ്ധേയം

malayalampress
2 Min Read
Safwa – Rahima
  • രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലങ്ങളില്‍ ഒന്നായ 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട കടല്‍പ്പാലവും ഈ പദ്ധതിയുടെ ഭാഗമാണ്

ദമാം : 2026-ലെ മീഡ് പ്രോജക്ട് അവാര്‍ഡുകളില്‍ രണ്ട് സുപ്രധാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് ചരിത്രനേട്ടം കൈവരിച്ചു. അതോറിറ്റി നടപ്പിലാക്കിയ ‘സഫ്വ-റഹിമ’ പദ്ധതി ദേശീയ തലത്തിലുള്ള മികച്ച റോഡ് പദ്ധതിക്കുള്ള പുരസ്‌കാരവും, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ മികച്ച റോഡ് പദ്ധതിക്കുള്ള പുരസ്‌കാരവുമാണ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര-പ്രാദേശിക വേദികളില്‍ സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മികവ് ഒരിക്കല്‍കൂടി അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം.

കിഴക്കന്‍ പ്രവിശ്യയില്‍ 15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി സഫ്വ നഗരത്തെയും റാസ്തനൂറ ഗവര്‍ണറേറ്റിനെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലങ്ങളില്‍ ഒന്നായ 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട കടല്‍പ്പാലവും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി അതോറിറ്റിയിലെ വിവിധ ടീമുകളും പങ്കാളികളും നടത്തിയ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണ് ഈ രണ്ട് പുരസ്‌കാരങ്ങളെന്ന് റോഡ്‌സ് അതോറിറ്റി വ്യക്തമാക്കി.

യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റാസ് തനൂറ ഗവര്‍ണറേറ്റിനെയും സഫ്വ നഗരത്തെയും പ്രധാന പാതകളുമായി കൂടുതല്‍ കാര്യക്ഷമമായി ബന്ധിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചു. കൂടാതെ, റാസ് തനൂറ തുറമുഖത്തെ വിതരണ ശൃംഖലകളുടെ നീക്കത്തിന് അധികമായി ഒരു നേരിട്ടുള്ള പ്രവേശന കവാടം നല്‍കുന്നതിലൂടെ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ക്കും ഈ പാത വലിയ കരുത്തേകുന്നു.

എഞ്ചിനീയറിംഗ്-ഡിസൈന്‍ മികവ്, സാങ്കേതിക നൂതനത്വം, പ്രോജക്ട് മാനേജ്മെന്റും നിര്‍വ്വഹണവും, പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക സ്വാധീനവും സുസ്ഥിരതയും എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. 2026-ലെ പതിനാറാമത് മീഡ് അവാര്‍ഡുകളില്‍ 9 രാജ്യങ്ങളില്‍ നിന്നായി ദേശീയ തലത്തില്‍ വിജയിച്ച 73 പദ്ധതികളാണ് 17 വിഭാഗങ്ങളിലായി പ്രാദേശിക തലത്തില്‍ മത്സരിച്ചത്. മഷ്റഖ് ബാങ്കുമായി സഹകരിച്ച് മീഡ് സംഘടിപ്പിക്കുന്ന ഈ പുരസ്‌കാരങ്ങള്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ മികച്ച വികസന-എഞ്ചിനീയറിംഗ് പദ്ധതികളെ ആദരിക്കുന്നതിനുള്ള പ്രധാന വേദിയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!