ജിദ്ദ – കോഴിക്കോട് പ്രതിദിന വിമാന സര്‍വീസിന് അനുമതി നല്‍കണം: മലപ്പുറം ജില്ല കെഎംസിസി

മുഹമ്മദ്‌ കല്ലിങ്ങൽ
1 Min Read

ജിദ്ദ: ഇന്ത്യന്‍ വിമാന കമ്പനികള്‍ സഊദി യിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ച സാഹചര്യത്തില്‍ ജിദ്ദ – കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുന്ന സഊദി എയര്‍ലൈന്‍സ്, ഫ്ലൈ നാസ് എന്നീ വിമാന കമ്പനികള്‍ക്ക് പ്രതിദിന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നിലവില്‍ ആഴ്ചയില്‍ മൂന്ന്‌ ദിവസം വീതം സര്‍വീസ് നടത്തുന്നത് പ്രവാസികളുടെയും ഉംറ തീര്‍ത്ഥാടകരുടെയും യാത്ര ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഒട്ടും പര്യാപ്തമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ പ്രവാസികളില്‍ കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന കോഴിക്കോട് (കരിപ്പൂര്‍ ) വിമാനത്താവളത്തിലെ ‘റെസ’ നിർമ്മാണം വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്. വരും മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഏതാനും മണിക്കൂര്‍ സമയം റണ്‍ വേ അടച്ചിടും എന്ന് വാര്‍ത്ത ഉണ്ട്. ഇങ്ങനെ അടച്ചിട്ടാല്‍ വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ‘റെസ’ നിർമ്മാണം വേഗം പൂര്‍ത്തിയാക്കാനും നേരത്തെ ഉണ്ടായിരുന്ന വലിയ വിമാന സര്‍വീസ് പുനരാരംഭിക്കാനും ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വിമാന കമ്പനികള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളും കോഴിക്കോട് വഴി യാത്ര ചെയ്യുന്നുണ്ട്. ആയതിനാല്‍ കോഴിക്കോട് നിന്നും തിരുവനന്തപുരം, ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ പ്രാദേശിക വിമാന കമ്പനികള്‍ മുന്നോട്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരായ ഭൂരിഭാഗം വരുന്ന പ്രവാസികള്‍ക്ക് വേണ്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലേക്ക് കെ എസ് ആര്‍ ടി സിയുടെ യുടെ ലോ ഫ്ലോര്‍
ബസ് സര്‍വീസ് ആരംഭിക്കണമെന്നും മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ട് പറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!