ഫുജൈറ: കഴിഞ്ഞയാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 14 പേരിൽ ഒരാളായ ഇമാറാത്തി യുവാവ് റാഷിദ് മൂസ അബ്ദുല്ല അൽ ദർമാക്കിയുടെ അവസാന മണിക്കൂറുകൾ വേദനയോടെ ഓർത്തെടുക്കുകയാണ് കുടുംബവും അധ്യാപകരും. ഷാർജ സർവകലാശാലയിൽ ബഹിരാകാശ ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന റാഷിദ്, സഹോദരൻ ഉമറിനൊപ്പം അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തത്തിൽപ്പെട്ടത്.
നവംബർ 12 വ്യാഴാഴ്ച നടന്ന അപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇളയ സഹോദരൻ ഉമറിനെ താമസസ്ഥലത്ത് ഇറക്കിയ ശേഷമാണ് റാഷിദ് വീട്ടിലേക്ക് തിരിച്ചത്.
രാത്രി 9 മണിയോടെ റാഷിദ് വീട്ടിലെത്തുമെന്നായിരുന്നു കുടുംബം പ്രതീക്ഷിച്ചിരുന്നത്. കാണാതായതോടെ സഹോദരനൊപ്പം തങ്ങുകയാണെന്നാണ് ആദ്യം കരുതിയതെന്ന് റാഷിദിന്റെ അമ്മാവൻ ഫഹദ് അബ്ദുല്ല അൽ ദർമാക്കി പറഞ്ഞു. എന്നാൽ, പിറ്റേന്ന് ഉച്ചയോടെ അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയെക്കുറിച്ച് അന്വേഷിച്ച് പൊലിസ് ഒമറിനെ ബന്ധപ്പെട്ടപ്പോഴാണ് ദുരന്തസൂചന ലഭിക്കുന്നത്.
തുടർന്ന് കുടുംബം ഫുജൈറയിലെ ആശുപത്രികളിൽ തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പട്ടികയിൽ റാഷിദിന്റെ പേരുണ്ടായിരുന്നില്ല. ഒടുവിൽ സഹോദരിയുടെയും പിന്നീട് അമ്മയുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലൂടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരണം സ്ഥിരീകരിച്ചത്.
അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് സർവകലാശാലയിൽ നടന്ന മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകിയത് റാഷിദായിരുന്നുവെന്ന് ജ്യോതിശാസ്ത്ര പ്രൊഫസർ ഡോ. മഷ്ഹൂർ അൽ വാർഡത്ത് അനുസ്മരിച്ചു. “മനോഹരമായ ശബ്ദത്തിൽ ഖുർആനിലെ സൂറത്തുൽ മുസ്സമ്മിലിലെ വചനങ്ങൾ പാരായണം ചെയ്താണ് അവൻ അന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. അവനെ അവസാനമായി കാണുകയാണെന്ന് അന്ന് ഒരിക്കലും കരുതിയിരുന്നില്ല,” പ്രൊഫസർ വൈകാരികമായി കുറിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
