മധുര: വ്യാപാരി പി.ജയരാജും മകൻ ജെ.ബെനിക്സും പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ഒൻപത് പൊലീസുകാർക്ക് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ആറ് വർഷം മുൻപ്, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കേസാണിത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നു എന്നാരോപിച്ച് 2020 ജൂൺ 19നാണ് ജയരാജിനെയും ബെനിക്സിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സാത്താൻകുളം പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദിവസങ്ങൾക്കുള്ളിൽ ഇരുവരും മരണപ്പെടുകയായിരുന്നു.
സ്റ്റേഷനിൽ രാത്രി മുഴുവൻ ഇവർ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം ഉൾപ്പെടെയുള്ള കഠിനമായ ശാരീരിക പീഡനത്തിന്റെ അടയാളങ്ങൾ മൃതദേഹങ്ങളിൽ ഉണ്ടായിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സിബിസിഐഡിയിൽ നിന്ന് കേസ് ഏറ്റെടുത്ത സിബിഐ, ഒരു ഇൻസ്പെക്ടർ രണ്ട് സബ് ഇൻസ്പെക്ടർമാർ കോൺസ്റ്റബിൾമാർ എന്നിവരുൾപ്പെടെ പത്ത് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. അച്ഛനും മകനുമെതിരെയുള്ള പൊലീസ് ആരോപണം തെറ്റാണെന്നും സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു.





