500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷം

News Desk
1 Min Read

കൊച്ചി: ഓൺലൈൻ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. ഈ വർഷം ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇരുചക്ര വാഹനത്തിന്റെ 500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് പരാതിക്കാരന്റെ ഫോണിലേക്ക് ഒരു സന്ദേശവും ലിങ്കും വന്നിരുന്നു. തുടർന്ന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒടിപി നൽകി സ്വകാര്യ ബാങ്കിന്റെ ഇന്റർഫേസ് വഴി പണമടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പ് നടന്നത്.

പരാതിക്കാരന്റെ എസ്‌ബി അക്കൗണ്ടിൽനിന്ന് മറ്റൊരു ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ ഓൺലൈനായി മാറ്റപ്പെടുകയായിരുന്നു. പണം നഷ്ടമായ വിവരം വ്യക്തമായതോടെ യുവാവ് നാഷനൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകി. ഈ പരാതിയിൽ ഇത്ര കാലമായിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെ മുനമ്പം പൊലീസ് പരാതിക്കാരനെ ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം നടന്നു വരുന്നതായും പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ അടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!