ദുബായ്: നിരവധി പേര് മരിക്കാനിടയായ യു.എ.ഇ ഫുജൈറയിലെ വന്‍ അപകടത്തില്‍ മൂന്ന് മലയാളികളും മരിച്ചതായി വിവരം.
മലപ്പുറം കുന്നുംപുറം കുണ്ടില്പ്പാറ സിദ്ധിഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. സിദ്ധീക്കിന്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), സിദ്ദിഖിന്റെ മകള്‍ ഫര്‍സാനയുടെ മകന് മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഫുജൈറ കോടതിയുടെ മുന്നില്‍ ട്രക്കിന്റെ പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടം.
ചികിത്സക്കായി നാട്ടിലെത്തിയ സിദ്ദീഖ് ഒരാഴ്ചക്ക് മുമ്പാണ് തിരിച്ചെത്തിയത്. ഇവരെ സന്ദര്‍ശിക്കാനെത്തിയ സിദ്ദീഖിന്റെ ഭാര്യയുടെ അനുജത്തിയുടെ മകളെ തിരിച്ചുകൊണ്ടാക്കാന്‍ പോകുമ്പോഴാണ് അപകടം. സിദ്ദീഖ് ഫുജൈറയില്‍ ബിസിനസുകാരനാണ്. കുടുംബസമേതം ഫുജൈറയിലാണ്.
ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.
ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് പ്രതികരിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
വാഹനാപകടത്തെത്തുടര്‍ന്ന് പോലീസ്, ആംബുലന്‍സ് സര്‍വീസുകള്‍, സിവില്‍ ഡിഫന്‍സ് എന്നിവയുടെ പ്രത്യേക സംഘങ്ങള്‍ ഉടനടി അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടമേഖല സുരക്ഷിതമാക്കാനും ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കി വാഹനഗതാഗതം ക്രമീകരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പോലീസ് കമാന്‍ഡ് അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുകയും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
