ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും

News Desk
1 Min Read

കൊച്ചി: ആലുവ വെളിയത്തുനാട് റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരേയും ചോദ്യം ചെയ്യാൻ പൊലീസ്. പാർട്ടിയുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

23 തികയാത്തവർ മദ്യം ഉപയോഗിച്ചു എന്ന സംശയത്തിൽ എക്സൈസും അന്വേഷണം നടത്തുന്നുണ്ട്. പാർട്ടിയിൽ രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്നതാണ് പൊലീസ് അന്വേഷിക്കുന്ന മറ്റൊരു കാര്യം. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ കോട്ടയം സ്വദേശി അലക്സിന്റെ സുഹൃത്തായ യുവതിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.

പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും അലക്സ് അറസ്റ്റിലായതും. പാർട്ടി സംഘടിപ്പിച്ചതിൽ പങ്കാളിയായ ഇയാൾക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. ഈ പാർട്ടിയിൽ 20–30 പേർ പങ്കെടുത്തതായാണു വിവരം. ഇതു സംബന്ധിച്ച് റിസോർട്ട് ജീവനക്കാരിൽനിന്ന് പൊലീസ് മൊഴികളെടുത്തിരുന്നു.

സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും റജിസ്റ്ററും ഹാജരാക്കാനും പൊലീസ് റിസോർട്ട് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. പാർട്ടിയിൽ പങ്കെടുത്തവരിൽ മൂന്നു പേരെങ്കിലും പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസിന്റെ അനുമാനം. പാർട്ടിയുടെ നടത്തിപ്പിൽ അലക്സിനൊപ്പം സജീവമായി പ്രവർത്തിച്ച ഇരുപത്തിനാലുകാരിയായ യുവതിക്ക് പൊലീസ് ഇതിനോടകം നോട്ടിസ് നൽകിയിട്ടുണ്ട്.

പാർട്ടിക്കിടെ മദ്യം വിളമ്പിയതായി പൊലീസ് കണ്ടെത്തിയിരുന്നു. റിസോർട്ടിന് ബാർ ലൈസൻസ് ഇല്ലാത്തതിനാൽ അവിടെനിന്നു മദ്യം ലഭിക്കില്ല. മദ്യം കൊണ്ടുവന്നത് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവർ തന്നെയാണ് എന്നാണ് റിസോർട്ട് ജീവനക്കാരുടെ മൊഴി. പ്രമുഖരുടെ മക്കൾ അടക്കമുള്ളവർ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. പ്രതിയായ അലക്സിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!