ആദ്യ കൺമണിയുടെ വിയോഗം; ഹൃദയഭേദകമായ ഓർമ്മകൾ പങ്കുവെച്ച് സോണിയാ ഗാന്ധി

News Desk
2 Min Read

ന്യൂഡൽഹി: തന്റെ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ ഹൃദയഭേദകമായ ഓർമ്മകൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. തന്റെ ഓർമ്മക്കുറിപ്പായ ബിലോങ്ങിങ് എ ജേർണി ഓഫ് ലവ് (Belonging: A Journey of Love) എന്ന പുസ്തകത്തിലാണ് ആദ്യകുഞ്ഞിന്റെ മരണവും സംസ്കാരവുമെല്ലാം സോണിയ ഓർത്തെടുക്കുന്നത്. 

രാജീവ് ഗാന്ധിക്കൊപ്പമുള്ള ദാമ്പത്യജീവിതത്തിന്റെ തുടക്കകാലത്ത് കടന്നുപോയ അഗ്നിപരീക്ഷകളിലേക്ക് കൂടി വെളിച്ചം വീശുകയാണ് ഓർമക്കുറിപ്പുകൾ.

1969 ജനുവരിയിലാണ് സോണിയാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ജനിച്ച ആദ്യത്തെ ആൺകുഞ്ഞ് മരണപ്പെടുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞിനെ ഡൽഹിയിലെ മെഹ്റോളി ഫാമിലാണ് അടക്കം ചെയ്തത് എന്ന് പുസ്തകത്തിൽ വിശദമാക്കുന്നു.

1968 സെപ്റ്റംബറിലാണ് താൻ ഗർഭിണിയാണെന്ന വിവരം സോണിയ അറിയുന്നത്. ഇതറിഞ്ഞ ഇന്ദിരാ ഗാന്ധി ഏറെ സന്തോഷവതിയായിരുന്നു. ഏപ്രിലിൽ താനൊരു മുത്തശ്ശിയാകാൻ പോകുന്ന വിവരം അവർ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.

അവർ സോണിയയുടെ ഭക്ഷണക്രമത്തിലും വ്യായാമത്തിലും പ്രത്യേക ശ്രദ്ധ നൽകി. എന്നാൽ ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നത് സോണിയക്ക് അത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല. ചീരയും പാലും നിർബന്ധമായും കഴിക്കേണ്ടി വന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല എങ്കിലും അമ്മായിഅമ്മയെ എതിർക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.

ഗർഭകാലത്തിന്റെ ഏഴാം മാസത്തിൽ സോണിയക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 1969 ജനുവരി 18 ന് അവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ഉടൻ തന്നെ ഇൻകുബേറ്ററിലേക്ക് (Incubator) മാറ്റിയിരുന്നു. എന്നാൽ രാവിലെ 6.30 ഓടെ കുഞ്ഞ് മരണപ്പെട്ടു എന്ന വിവരം രാജീവ് ഗാന്ധി സോണിയയെ അറിയിച്ചു. ഇത് ഇരുവർക്കും താങ്ങാനാവാത്ത വലിയ ആഘാതമാണ് നൽകിയത്. വിവരമറിഞ്ഞ് ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഇവർക്കരികിലേക്ക് ഓടിയെത്തി ഇരുവരേയും ആശ്വസിപ്പിച്ചു.

കുഞ്ഞിന്റെ മൃതദേഹം എന്ത് ചെയ്യണം എന്നത് വലിയൊരു ചോദ്യമായിരുന്നു. ഹിന്ദു ആചാരപ്രകാരം നവജാത ശിശുക്കളെ നദിയിലൊഴുക്കുകയാണ് പതിവ് എന്ന് രാജീവ് ഗാന്ധി വ്യക്തമാക്കി. എന്നാൽ ഇതിന് സോണിയ തയ്യാറായില്ല. ഒരിക്കൽ നദിയിൽ മാലിന്യങ്ങൾക്കൊപ്പം ഒരു മൃതദേഹം ഒഴുകി നടക്കുന്നതും നായ്ക്കൾ അത് കടിച്ചു വലിക്കുന്നതും കണ്ട കാഴ്ച അവരെ ഭയപ്പെടുത്തിയിരുന്നു.

അതിനാൽ കുഞ്ഞിനെ നദിയിലൊഴുക്കാൻ അവർ വിസമ്മതിച്ചു. ക്രിസ്ത്യൻ അല്ലെങ്കിൽ പാഴ്സി സെമിത്തേരികളിൽ അടക്കം ചെയ്യുന്നതും അന്ന് പ്രായോഗികമായിരുന്നില്ല. ഒടുവിൽ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ചേർന്ന് ഫിറോസ് ഗാന്ധിയുടെ മെഹ്റോളി ഫാമിലെ ഒരു മരച്ചുവട്ടിൽ കുഞ്ഞിനെ അടക്കം ചെയ്യുകയായിരുന്നു.

ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സോണിയ കടുത്ത വിഷാദത്തിലായിരുന്നു. ഇതിനിടെ ഒരു വലതുപക്ഷ പത്രത്തിൽ വന്ന മോശം വാർത്ത അവരെ കൂടുതൽ തളർത്തി. കുഞ്ഞിന്റെ മരണം തന്റെ കുറ്റം കൊണ്ടാണോ എന്ന് പോലും അവർ ചിന്തിച്ചു. പിന്നീട് അമിതാഭ് ബച്ചന്റെ അമ്മയായ തേജി ബച്ചൻ സമ്മാനിച്ച ഒരു നായ്ക്കുട്ടിയാണ് അവരുടെ സങ്കടങ്ങൾ കുറയ്ക്കാൻ ഒരു പരിധി വരെ സഹായിച്ചത്. ഇതിന് ശേഷം തൊട്ടടുത്ത വർഷം, 1970 ജൂൺ 19 നാണ് രാഹുൽ ഗാന്ധി ജനിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!