കൊലപാതക കേസിൽ ബന്ധുക്കൾ മാപ്പ് നൽകിയാലും ഇനി ‘രക്ഷയില്ല’! യുഎഇയിൽ ശിക്ഷാനിയമത്തിൽ നിർണ്ണായക ഭേദഗതി

malayalampress
1 Min Read

അബുദാബി: കൊലപാതക കേസുകളിൽ ഇരയുടെ ബന്ധുക്കൾ ‘ഖിസാസ്’ (Qisas – പ്രതിക്ക് മരണശിക്ഷ നൽകണമെന്ന ആവശ്യപ്പെടാനുള്ള ഇസ്ലാമിക അവകാശം) വേണ്ടെന്നുവെച്ചാലും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതിയുമായി യുഎഇ. ഒക്ടോബർ 8 വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ ഫെഡറൽ ഉത്തരവ് പ്രകാരം, ഖിസാസ് അവകാശം ഒഴിവാക്കപ്പെടുന്ന കേസുകളിൽ പ്രതികൾക്കുള്ള തടവുശിക്ഷ 15 മുതൽ 20 വർഷം വരെയായി വർദ്ധിപ്പിച്ചു.

നേരത്തെ ഇത് കുറഞ്ഞത് 7 വർഷം മുതൽ പരമാവധി 15 വർഷം വരെ തടവായിരുന്നു. ഇതാണ് ഇപ്പോൾ 15 മുതൽ 20 വർഷം വരെയെന്ന കർശന പരിധിയിലേക്ക് ഉയർത്തിയത്. യുഎഇ കുറ്റകൃത്യങ്ങളും ശിക്ഷാ നിയമവും ആർട്ടിക്കിൾ 384 ലെ ക്ലോസ് (3) ലാണ് ഫെഡറൽ സർക്കാർ ഭേദഗതി വരുത്തിയത്. കേസിന്റെ ഏത് ഘട്ടത്തിലോ അല്ലെങ്കിൽ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പോ ഇരയുടെ നിയമപരമായ അവകാശികൾ ഖിസാസ് ഒഴിവാക്കിയാൽ പുതിയ ശിക്ഷാ നിരക്ക് (15–20 വർഷം തടവ്) ബാധകമാകും.

ബന്ധുക്കൾ പ്രതിക്ക് മാപ്പ് നൽകിയാലും അത് കുറ്റകൃത്യത്തിൽ നിന്നുള്ള സമ്പൂർണ്ണ ഒഴിവാക്കലോ കേസിന്റെ അവസാനമോ ആകുന്നില്ല. ഗുരുതര കുറ്റകൃത്യങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനും കുറ്റവാളികളിൽ ഭയം സൃഷ്ടിക്കാനുമാണ് നിയമം കടുപ്പിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. അമൽ അൽ റാഷിദി ലോയേഴ്‌സിലെ ലീഗൽ കൺസൾട്ടന്റ് ഡോ. ഹസൻ എൽഹൈസ് പുതിയ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കുന്നു.

“ഇരയുടെ ബന്ധുക്കൾ ഖിസാസ് വേണ്ടെന്നുവെച്ചതുകൊണ്ട് മാത്രം മറ്റ് വകുപ്പുകൾ പ്രകാരമുള്ള മരണശിക്ഷയിൽ നിന്ന് പ്രതിക്ക് യാന്ത്രികമായി രക്ഷപ്പെടാൻ കഴിയില്ല. ഖിസാസ് ഒഴിവാക്കിയ ശേഷവും സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി പ്രതിക്ക് നൽകേണ്ട കുറഞ്ഞ ശിക്ഷയാണ് 15 മുതൽ 20 വർഷമായി ഉയർത്തിയത്. കുറ്റകൃത്യത്തിന്റെ സാഹചര്യം വിലയിരുത്തി കോടതിക്ക് അനുയോജ്യമായ തടവുകാലയളവ് തീരുമാനിക്കാം.” — ഡോ. ഹസൻ എൽഹൈസ്. കൊലപാതകം പോലുള്ള അങ്ങേയറ്റം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് യുഎഇ ഭരണകൂടം നൽകുന്ന ഈ പുതിയ നിയമനിർമ്മാണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!