- ഒരാഴ്ച മുമ്പാണ് ഇരുവരും ഭർത്താവിന്റെ അടുത്തെത്തിയത്
ബുറൈദ: ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃത ദേഹങ്ങൾ നാട്ടിലെത്തിച്ചു.ചെന്നൈ നാങ്ങനല്ലൂർ കാമരാജ് സ്ട്രീറ്റ് സ്വദേശികളായ രാജാറാംരാജേശ്വരി ദമ്പതികളു ടെ മകൾ ജയഭാരതി (37), രണ്ട് വയസ്സുകാരിയായ മകൾ കാർത്തിക ശ്രീ എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കനിവ് ജീവകാരുണ്യ വിഭാഗം മുൻകൈയെടുത്ത് നാട്ടിലെത്തിച്ചത്.
ബുറൈദയിൽ ഇലക്ട്രോണിക് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഗോകുൽ രാജാണ് ജയഭാരതിയുടെ ഭർത്താവ്. ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുത്തിവെച്ച അഗർബത്തിയിൽ നിന്ന് നിലത്ത് വീണ തീപ്പൊരി കാർപെറ്റിൽ പടർന്നു പിടിക്കുകയും മുറിയിൽ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ട്.
അപകടസ മയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും ദുരന്തത്തിൽ മരിച്ച വിവരം അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ് നിശമനസേനയും പോലീസും കെട്ടിടം വളഞ്ഞതിനാൽ എന്താണ് സംഭവിച്ചതെന്ന് പുറം ലോകവും അറിഞ്ഞില്ല. അപകടത്തിന് ഒരാഴ്ച മുമ്പാണ് യുവതിയും കുഞ്ഞും സന്ദർശന വിസയിൽ ബുറൈദയിൽ എത്തിയത്.
കനിവ് ജീവകാരുണ്യ വിഭാഗമാണ് യാത്രാരേഖകൾ ശരിയാക്കാൻ മുൻകൈയെടുത്തത്. യാത്രാച്ചെലവ് റിയാദ് ഇന്ത്യൻ എംബസി വഹിച്ചു. റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈ എയർപോട്ടിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
