‘അവൾ ചത്തില്ലേ’; കീർത്തനയെ പങ്കാളി കുത്തിയത് കറിക്കത്തി ഉപയോഗിച്ച്: ആക്രമണത്തിനിടെ കത്തി ഒടിഞ്ഞു

malayalampress
2 Min Read
  • ക്രൂരമായ ആക്രമണം നടന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് ഇൻസ്പെക്ടറെ കാണാൻ എത്തിയപ്പോൾ

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ശനിയാഴ്ച രാവിലെ കുത്തേറ്റ എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും പേരാമ്പ്ര ബിആർസിയിലെ മുൻ സ്പെഷൽ എജ്യുക്കേറ്ററുമായ കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് ഇൻസ്പെക്ടറെ കാണാൻ എത്തിയപ്പോഴാണ് കീർത്തനയെ ലിവിങ് ടുഗദർ പങ്കാളി കൂടിയായ പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജിനീഷ് (38) ശനിയാഴ്ച രാവിലെ 10.10ന് സ്റ്റേഷൻ വളപ്പിനുള്ളിൽ പലതവണ കുത്തി പരുക്കേൽപ്പിച്ചത്. കഴുത്തിൽ ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് ഇവർക്കു കുത്തേറ്റത്.

∙ ‘അവൾ ചത്തില്ലേ’ എന്ന ചോദ്യം

കീർത്തനയ്ക്കു കുത്തേറ്റതിനു തൊട്ടുപിന്നാലെ സ്റ്റേഷൻ വളപ്പിലുള്ള പൊലീസുകാർ ചേർന്ന് ജിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുത്തേറ്റ കീർത്തന ചത്തോ എന്നു കസ്റ്റഡിയിൽ എടുത്ത ശേഷവും ഇയാൾ പലതവണ ചോദിച്ചതായാണ് വിവരം. സ്റ്റേഷനിൽ എത്തി ഒപ്പിട്ടു മടങ്ങുമ്പോഴാണ് പ്രധാന റോഡിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് ജിനീഷ് പിന്തുടർന്നെത്തി കീർത്തനയെ കറിക്കത്തി ഉപയോഗിച്ചു പലതവണ കുത്തിയത്.

ബലപ്രയോഗത്തിനും കത്തിക്കുത്തിനും ഇടയിൽ കത്തി ഒടിഞ്ഞതായും പറയുന്നു. വലിയ നിലവിളി ശബ്ദം കേട്ട് സ്റ്റേഷനിൽ നിന്ന് ഓടിയെത്തിയ പൊലീസുകാരാണ് ജിനീഷിനെ പിടിച്ചുമാറ്റിയത്. തുടർന്ന വടകര സർക്കിൾ ഇൻസ്പെക്ടർ എ.കെ.സജീഷിന്റെ നേതൃത്വത്തിൽ തന്നെ വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഭവ സമയത്ത് വനിതാ സെല്ലിൽ പരാതി നൽകാനെത്തിയവരും സമീപത്ത് അപ്രതീക്ഷിതമായുണ്ടായ കത്തിക്കുത്തിനു സാക്ഷികളായി.

∙ കത്തിക്കുത്തിനു പിന്നിൽ ക്വട്ടേഷൻ സംഘത്തിന്റെ ശല്യം?

ഭർത്താവിൽ നിന്ന് അകന്ന കീർത്തനയുമൊത്ത് രണ്ടു വർഷത്തോളമായി ബസ് ഡ്രൈവർ കൂടിയായ ജിനീഷ് താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. എംഡിഎംഎ കേസിൽ കീർത്തന പിടിയിലായ ശേഷം ഇയാൾ ആ വീട്ടിൽ പോയിരുന്നില്ല. കീർത്തന ജയിലിലായിട്ടും ജിനീഷ് കാണാനെത്തിയില്ലെന്നാണ് സൂചന. ഈ മാസം ആദ്യം കീർത്തനയ്ക്ക് ജാമ്യം ലഭിച്ച ശേഷം ഒരു സ്വർണാഭരണവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായതായും പറയുന്നു.

ഇതിനിടെ ഇയാളുടെ താമസ സ്ഥലത്തും മറ്റും എത്തിയ ഒരു സംഘം ജിനീഷിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിവന്നതായും ഇതിൽ കൂടി പ്രകോപിതനായാണ് ജിനീഷ് കീർത്തനയെ വകവരുത്തുകയെന്ന് ഉദ്ദേശത്തോടെ ശനിയാഴ്ച സ്റ്റേഷനിൽ എത്തിയതെന്നാണ് അറിയുന്നത്. പ്രതിയുടെ മൊഴി പ്രകാരം കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം എങ്കിലും പ്രമാദമായ എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ കീർത്തനയിൽ നിന്ന് തുടരന്വേഷണത്തിൽ കൂടുതൽ വിവരം ചോരാതിരിക്കാൻ മറ്റാരുടെയെങ്കിലും പ്രേരണയോടെയാണോ പ്രതി കൃത്യം ചെയ്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!