റഷ്യയിലേക്ക് ആയിരത്തിലധികം ഡ്രോണുകൾ, ഏറ്റവും വലിയ വ്യോമാക്രമണം: കുട്ടികളടക്കം കൊല്ലപ്പെട്ടു

News Desk
2 Min Read

മോസ്കോ / കീവ്: റഷ്യൻ മണ്ണിലേക്ക് യുക്രെയ്ൻ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണത്തിൽ ആയിരത്തിലധികം ഡ്രോണുകൾ റഷ്യൻ പ്രതിരോധ സേന വെടിവച്ചിട്ടതായി ഔദ്യോഗിക സ്ഥിരീകരണം. റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ടെത്തിയ 450 ഓളം ഡ്രോണുകൾ തകർത്തതായി മോസ്കോ മേയർ സെർജി സൊബിയാനിൻ അറിയിച്ചു. അതേസമയം, യുക്രെയ്നിലെ കീവ് മേഖലയിൽ റഷ്യ നടത്തിയ തിരിച്ചടിയിൽ ഒരു സ്ത്രീയും മൂന്ന് കുട്ടികളുമടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

റഷ്യയിൽ മൂന്ന് ദിവസമായി നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ദിനത്തിലാണ് യുക്രെയ്ന്റെ സമാനതകളില്ലാത്ത പ്രത്യാക്രമണം. ആക്രമണത്തെ തുടർന്ന് മോസ്കോയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയ്ക്കും ഒരു പാർപ്പിട സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു ഡ്രോൺ തകർന്നുവീണ് 21 നിലകളുള്ള കെട്ടിടത്തിനു തീപിടിച്ചതിനെ തുടർന്ന് 400 ലധികം ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ ഒരു 44കാരിയും പ്രായമായ ഒരാളും റഷ്യയിൽ കൊല്ലപ്പെട്ടതായി മോസ്കോ റീജിയണൽ ഗവർണർ ആൻഡ്രൂ വൊറോബിയോവ് എക്സിൽ കുറിച്ചു. 

റഷ്യയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ആക്രമണം പരാജയപ്പെടുത്തിയതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. എന്നാൽ, മോസ്കോ മേഖലയിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കാൻ ആക്രമണത്തിലൂടെ സാധിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി എക്സിൽ കുറിച്ചു. യുദ്ധത്തിനായി കോടിക്കണക്കിനു ഡോളർ സമാഹരിക്കുന്ന റഷ്യയുടെ എണ്ണ വ്യവസായശാലയെയും ലോജിസ്റ്റിക്സ് കേന്ദ്രത്തെയുമാണ് യുക്രെയ്ൻ വിജയകരമായി ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ റഷ്യ നടത്തിയ വ്യോമാക്രമണം 24 മണിക്കൂറിലധികം നീണ്ടുനിന്നു. ഒരു റഷ്യൻ ഡ്രോൺ വീടിനു മുകളിൽ പതിച്ച് അമ്മയും അവരുടെ മൂന്ന് വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികളും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. മറ്റൊരു പ്രദേശത്തുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു പെൺകുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു. കീവ് മേഖലയിലെ അഞ്ച് ജില്ലകളിലായി 31 കേന്ദ്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായി കീവ് റീജിയണൽ ഗവർണർ തിമൂർ ത്കാചെങ്കോ അറിയിച്ചു. തെക്കുപടിഞ്ഞാറൻ ഫാസ്റ്റിവ് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. പാർപ്പിടങ്ങൾ, വ്യവസായ-യൂട്ടിലിറ്റി സ്ഥാപനങ്ങൾ, കാർഷിക സംരംഭങ്ങൾ, വാഹനങ്ങൾ എന്നിവ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു. ‌

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!