ലാൻഡിങ്ങിനിടെ ക്യാബിൻ സീലിങ് തകർന്നു വീണു; മരണം മുന്നിൽ കണ്ട് യാത്രക്കാർ; രണ്ടും കൽപ്പിച്ച് വിമാനം അടിയന്തരമായി നിലത്തിറക്കി പൈലറ്റുമാർ | VIDEO

malayalampress
1 Min Read

തെഹ്‌റാൻ: ഇറാനിൽ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ് തകർന്നു വീണു. സെപെഹ്റാൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിലാണ് അപകടമുണ്ടായത്. മഷ്ഹദിൽ നിന്ന് കെർമാൻഷായിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ലാൻഡിങ് ഗിയറിലെ ടയർ ടേക്ക് ഓഫിന് പിന്നാലെ നഷ്ടപ്പെടുകയായിരുന്നു.

തുടർന്ന് അടിയന്തര സാഹചര്യം പ്രഖ്യാപിച്ച പൈലറ്റുമാർ വിമാനം തിരികെ മഷ്ഹദ് വിമാനത്താവളത്തിൽ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു. ഈ ലാൻഡിങ്ങിനിടെയാണ് ക്യാബിൻ സീലിങ്ങിന്റെ ചില ഭാഗങ്ങൾ അടർന്നുവീണത്.

ടേക്ക് ഓഫിനിടെ ടയർ പൊട്ടിത്തെറിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഇവരെ മറ്റൊരു വിമാനത്തിൽ കെർമാൻഷായിലേക്ക് അയച്ചതായും സെപെഹ്റാൻ എയർലൈൻസ് വക്താവ് ഹസൻ ജാഫരി അറിയിച്ചു. സംഭവത്തെ തുടർന്ന് സുരക്ഷാ പരിശോധനകൾക്കായി മഷ്ഹദ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചെങ്കിലും പിന്നീട് പ്രവർത്തനം പുനരാരംഭിച്ചു.

സെപെഹ്റാൻ എയർലൈൻസിന്റെ വിമാനം സമാനമായ രീതിയിൽ അപകടത്തിൽപ്പെടുന്നത് സമീപകാലത്ത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ഓഗസ്റ്റ് 25-ന് തെഹ്‌റാനിൽ നിന്ന് മഷ്ഹദിലെത്തിയ ഇവരുടെ ബോയിങ് 737-500 വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയിരുന്നു. അന്ന് മുൻവശത്തെ ലാൻഡിങ് ഗിയർ തകർന്നുവെങ്കിലും വിമാനത്തിലുണ്ടായിരുന്ന 127 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ സംഭവത്തിൽ ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അന്വേഷണം നടത്തിവരികയാണ്. വീഡിയോ 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!