ജിദ്ദ: നാവിലൂറുന്ന ബിരിയാണി രുചികളും ഹൃദയം കവരുന്ന സംഗീതവും ഒന്നിച്ചൊഴുകിയ രാവിൽ ജിദ്ദ മർവയിലെ ലുലു മാൾ പ്രദർശന നഗരി ആവേശക്കടലായി. ഗൾഫ് മാധ്യമവും മീഫ്രണ്ടും ചേർന്ന് ഒരുക്കിയ ‘വിജയ് ദം ദം ബിരിയാണി’ സൗദി അറേബ്യൻ സെമി ഫൈനൽ പോരാട്ടത്തിനാണ് ജിദ്ദ ഇതുവരെ കാണാത്ത ആഘോഷ അന്തരീക്ഷത്തിൽ പ്രൗഢോജ്ജ്വല സമാപനമായത്.


രുചിപ്പോരിനൊപ്പം പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫും ക്രിസ്റ്റകലയും നയിച്ച സംഗീത വിരുന്ന് കാണികളെ ഇളക്കിമറിച്ചു. മലർവാടി ബാലസംഘത്തിെൻറ സ്വാഗത നൃത്തത്തോടെ തുടക്കമിട്ട സാംസ്കാരിക സന്ധ്യയിൽ ആശ ഷിജുവിെൻറ ഗാനങ്ങളും ഗ്രീൻസ് ജിദ്ദയുടെ മുട്ടിപ്പാട്ടും ഫൈസ ഡാൻസ് ഗ്രൂപ്പിെൻറ ഒപ്പനയും മാറ്റ് കൂട്ടി.
വിജയ് മസാല എം.ഡി ജോയ് മൂലനാണ് ബിരിയാണി കാർണിവൽ ഉദ്ഘാടനം ചെയ്തത്. ‘സൗദി ബിരിയാണി രാജ’ മത്സരത്തിൽ ഏഴ് പേരും ‘ബിരിയാണി ദം സ്റ്റാർ’ പട്ടത്തിനായി 17 പേരുമാണ് വീടുകളിൽ പാകം ചെയ്ത രുചിക്കൂട്ടുകളുമായി മാറ്റുരച്ചത്.
ലുലുവിലെ സീനിയർ ഷെഫ് ഹരി, ഷെഫ് ജിത്തു, ‘ദേ പുട്ടു’ ഷെഫ് അനു വി. ഗോപി എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിെൻറ 95 ശതമാനം മാർക്കും രുചിക്കാണ് നൽകിയതെന്ന് ജഡ്ജസ് വ്യക്തമാക്കി.
വൈകീട്ട് ആറിന് രജിസ്‌ട്രേഷൻ നടപടികളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ സലിം മാഹി, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ എ. നജ്മുദ്ദീൻ, ലുലു മാൾ റീജനൽ ഡയറക്ടർ സലാം സുലൈമാൻ, ജനറൽ മാനേജർ ജാവീദ്, മാനേജർ അംജദ്, ഇമ്പെക്സ് ജിദ്ദ ഏരിയ സെയിൽസ് മാനേജർ അമീർ ബഷീർ, ഏരിയ സെയിൽസ് മാനേജർ സഫ്‌വാൻ, ഫ്രൻഡി സെഗ്മെൻറ് ഓപ്പറേഷൻ മാനേജർ റഷീദ്, റീഗൽ ഗ്രൂപ്പ് ചെയർമാൻ മുജീബ് റഹ്‌മാൻ, ബിസ്സപ്പ് അറേബ്യ എം.ഡി സുഹൈൽ, കാഫ് ലോജിസ്റ്റിക്സ് റിയാസ്, ആസിഫ് എൻ കംഫർട്ട്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ നിഹാൽ, മാർക്കറ്റിങ് എക്സിക്യുട്ടീവ് പി.കെ. സിറാജ്, കോഓഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് അബഷീർ, പ്രോഗ്രാം കോഓഡിനേറ്റർ ഇ.കെ. നൗഷാദ് കണ്ണൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരിപാടി ആസ്വദിക്കാൻ തടിച്ചുകൂടിയ കാണികൾ
സുവിജ സത്യൻ, നിസാർ മടവൂർ എന്നിവർ പരിപാടിയുടെ അവതാരകരായി. ജിദ്ദ സെമി ഫൈനലിലെ വിജയികളെയും റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നവരെയും വേദിയിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിരിയാണി ദം സ്റ്റാറുകളായി സൻസില ജംഷീർ, സൗദ സലാം, ലിസ്സി എന്നിവരെയും ബിരിയാണി രാജ ഇനത്തിൽ റാഫി, നസീർ ഹുസൈൻ, ഹയാസുദ്ധീൻ എന്നിവരെയും തെരഞ്ഞെടുത്തു.
വിജയ്, ലുലു, ഇംപെക്സ്, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, ഫരീദ്, റീഗൽ ഗോൾഡ്, എം.ജി ഡബ്ല്യു, ഡെൽസി, സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെൻറർ, ബിസ്സപ്പ് അറേബ്യ, കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയിൻറ്, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി, ഡ്രസ് കോഡ് എന്നിവരാണ് മെഗാ ഇവൻറിെൻറ മുഖ്യ പ്രായോജകർ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
