ന്യൂഡൽഹി: ഇമിഗ്രേഷൻ പരിശോധനയില്ലാതെ ഡൽഹിയിൽനിന്ന് മ്യൂണിക്കിലേക്ക് വിമാനയാത്ര നടത്തി മൂന്ന് ഇറ്റാലിയൻ പൗരന്മാർ. എയർ ഇന്ത്യയ്ക്കാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സംഭവത്തിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്രം നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 4നാണ് സംഭവമുണ്ടായത്. പുലർച്ചെ 12.50ന് അമൃത്സറിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ–1115 വിമാനത്തിലാണ് ഇറ്റാലിയൻ പൗരന്മാർ എത്തിയത്. ഒരു മണിക്കൂറിനുശേഷം 1.45 ഓടെ മ്യൂണിക്കിലേക്കുള്ള ലുഫ്താൻസയുടെ എൽഎഫ്0763 വിമാനത്തിൽ ഇവർ പോകുകയും ചെയ്തു. ഇന്ത്യ വിടുന്നതിനു മുൻപ് ഇവർ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഹാജരായിരുന്നില്ല.
രാജ്യാന്തര വിമാനയാത്ര നടത്തുന്നവരെ ചെറിയ വിമാനത്താവളങ്ങളിൽനിന്ന് പ്രധാന വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന എയർ ഇന്ത്യയുടെ ഹബ് ആൻഡ് സ്പോക് സംവിധാനത്തിലൂടയാണ് മൂവരും യാത്ര ചെയ്തതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടിസിൽ പറയുന്നു. ഇവർക്ക് ഡൊമസ്റ്റിക് ബോർഡിങ് പാസുകളാണ് നൽകിയിരുന്നത്. എന്നാൽ, അമൃത്സറിൽവച്ചു തന്നെ ഇവർക്ക് മ്യൂണിക്കിലേക്കുള്ള വിമാനത്തിന്റെ ബോർഡിങ് പാസുകളും നൽകിയിരുന്നു. ഇതിനെയാണ് കേന്ദ്രം ചോദ്യം ചെയ്തിട്ടുള്ളത്.
ആഭ്യന്തര (ഡി) ബോർഡിങ് പാസ്, രാജ്യാന്തര യാത്രക്കാർക്കായി ഐ ബോർഡിങ് പാസ് എന്നീ രണ്ട് ബോർഡിങ് പാസുകൾ നൽകാൻ മാത്രമേ എയർ ഇന്ത്യയ്ക്ക് അനുവാദമുള്ളൂ. ഇറ്റാലിയൻ പൗരന്മാർ ഡൽഹിയിലെത്തിയ ശേഷം അവരെ രാജ്യാന്തര യാത്രക്കാരായി കണക്കാക്കുകയും അവരെ ആഭ്യന്തര യാത്രക്കാരുടെ പാതയിൽനിന്ന് മാറ്റി ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് വിടേണ്ടിയിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അതിനു പകരം യാത്രക്കാരെ നേരിട്ട് 39ാം ഗേറ്റിൽ എത്തിക്കുകയായിരുന്നു. അതോടെ ഇമിഗ്രേഷൻ പോയിന്റിലെത്താതെ തന്നെ അവർ ലുഫ്താൻസ് വിമാനത്തിൽ കയറി രാജ്യംവിട്ടു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
