മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തില്‍ ഇടംനേടിയ മലയാളി; ബ്രിക്‌സ് വേദിയില്‍ തിളങ്ങിയ നയതന്ത്രജ്ഞന്‍; ആരാണ് സിദ്ധാര്‍ത്ഥ് ബാബു

malayalampress
2 Min Read

ബ്രിക്‌സ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വൈറലായിരുന്നു. മൂന്ന് നേതാക്കള്‍ക്കുമിടയിലെ സൗഹൃദപരമായ നിമിഷം പകര്‍ത്തിയ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക സമൂഹ്യമാധ്യമ പേജുകളില്‍ ഈ ചിത്രം പങ്കുവെക്കുകയും ചെയ്തു. മോദിയേയും പുടിനെയും ഷിയെയും കൂടാതെ ചിത്രത്തില്‍ മറ്റൊരാള്‍ കൂടിയുണ്ട്. മൂന്ന് നേതാക്കളും തമ്മില്‍ ആശയവിനിമയം നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ പിന്നില്‍ നില്‍ക്കുന്ന യുവ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ തിരയുകയാണ് ഏവരും.

മലയാളിയായ നയതന്ത്രജ്ഞനായ സിദ്ധാര്‍ത്ഥ് ബാബുവാണ് നേതാക്കള്‍ക്കൊപ്പം ചിത്രത്തിലുള്ളത്. വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ഡിവിഷന്‍ ഡെപ്യൂട്ടി സെക്രട്ടറിയും ഐഎഫ്എസ് ഉദ്യോഗസ്ഥനുമാണ് സിദ്ധാര്‍ത്ഥ്. ചൈനീസ് ഭാഷയിലെ അപാരമായ പ്രവീണ്യവും നയതന്ത്ര വിഷയങ്ങളിലെ പരിചയസമ്പത്തും സിദ്ധാര്‍ഥിനെ ലോക വേദിയിലെത്തിച്ചു. സംഭാഷണത്തിനിടെ ഷിയുടെ പരാമര്‍ശങ്ങള്‍ മനസ്സിലാക്കാന്‍ പ്രധാനമന്ത്രി മോദിയെ സഹായിക്കുകയായിരുന്നു അദ്ദേഹം. ബെയ്ജിംഗിലെ പ്രവര്‍ത്തനപരിചയവും അദ്ദേഹത്തിന് മുതല്‍കൂട്ടാണ്.

2017 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥ് എറണാകുളം കലൂര്‍ സ്വദേശിയാണ്. നവനിര്‍മ്മാണ്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലും തൃക്കാക്കര ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് 2012 ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന്, അദ്ദേഹം ഇ-കൊമേഴ്സ് മേഖലയില്‍ ജോലി ചെയ്തു; പിന്നീടാണ് അന്താരാഷ്ട്ര ബന്ധങ്ങളിലുള്ള താല്‍പ്പര്യം ഉടലെടുക്കുന്നത്. ഈ താത്പര്യം സിവില്‍ സര്‍വീസിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ആദ്യ ശ്രമത്തില്‍ വിജയം നേടാനായില്ലെങ്കിലും രണ്ടാം വട്ടം അഖിലേന്ത്യാ തലത്തില്‍ പതിനഞ്ചാം റാങ്ക് നേടുകയും ഐഎഫ്എസ്തിരഞ്ഞെടുക്കുകയും ചെയ്തു.

2017 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓഫീസര്‍ ട്രെയിനിയായാണ് അദ്ദേഹം തന്റെ നയതന്ത്ര ഉദ്യോഗജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആദ്യ വിദേശ നിയമനം ബെയ്ജിംഗിലായിരുന്നു; അവിടെ 2018-നും 2022-നും ഇടയില്‍ ആദ്യം തേര്‍ഡ് സെക്രട്ടറിയായും പിന്നീട് സെക്കന്‍ഡ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാല് വര്‍ഷം നീണ്ടുനിന്ന ആ നിയമനം അദ്ദേഹത്തെ ചൈനീസ് ഭാഷാ നിപുണത വളര്‍ത്താനും ചൈനയുമായുള്ള ഇടപെടലുകളില്‍ പ്രവൃത്തിപരിചയം നേടാനും സഹായിച്ചു. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായത് ഈ അനുഭവ സമ്പത്താണ്.

തുടര്‍ന്ന്, 2022 ഓഗസ്റ്റ് മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവില്‍ കാലിഫോര്‍ണിയയില്‍ കോണ്‍സലായി സേവനമനുഷ്ഠിച്ചു. 2024-ല്‍ ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയ അദ്ദേഹം അണ്ടര്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും, തുടര്‍ന്ന് 2025 ജനുവരിയില്‍ ഈസ്റ്റ് ഏഷ്യ ഡിവിഷനില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

നയതന്ത്ര കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദിക്ക് വേണ്ടി സിദ്ധാര്‍ത്ഥ് ഭാഷാപരിഭാഷകനായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായല്ല. ജനുവരിയില്‍ നടന്ന ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയില്‍, വിഐപി വേദിയിലുണ്ടായിരുന്ന അദ്ദേഹം പ്രധാനമന്ത്രി മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തില്‍ സഹായിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!