കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളെ പോലീസ് കാലില്‍ വെടിവെച്ചു വീഴ്ത്തി പിടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലീസ് വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശികളായ സന്തോഷ് (24), തവാസി (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വൈകിട്ട് ഏഴരയോടെ പെണ്‍കുട്ടിയെ ഇരുചക്രവാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി കുടുംബം കോയമ്പത്തൂര്‍ ഓള് വുമണ്‍ (സൗത്ത്) പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പെണ്‍കുട്ടിയെ കാഞ്ചികോണംപാളയത്തിന് സമീപമുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ പോലീസ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസിന്റെ തെളിവെടുപ്പിന്റെ ഭാഗമായി, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച അരിവാള്‍ കണ്ടെടുക്കുന്നതിനായി ഇന്‍സ്പെക്ടര്‍ സ്വര്‍ണ്ണവല്ലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയായ തവാസിയെ സംഭവസ്ഥലത്ത് എത്തിച്ചു.
അവിടെവെച്ച് തവാസി ഒളിപ്പിച്ചു വെച്ച അരിവാള്‍ ഉപയോഗിച്ച് ഇന്‍സ്പെക്ടര്‍ സ്വര്‍ണ്ണവല്ലിയെ ആക്രമിക്കുകയും അവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീണ്ടും ആക്രമിക്കാന്‍ മുതിര്‍ന്നു. തടഞ്ഞതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സബ് ഇന്‍സ്പെക്ടര്‍ ചിലമ്പരശന്‍ പ്രതിയുടെ കാലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാലിന് വെടിയേറ്റതോടെ തവാസി താഴെ വീണു.
പരിക്കേറ്റ ഇന്‍സ്പെക്ടര്‍ സ്വര്‍ണ്ണവല്ലിയെയും പ്രതി തവാസിയെയും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
