വാഷിങ്ടൺ: ഇറാൻയുദ്ധാനന്തരം പശ്ചിമേഷ്യയിലെ അമേരിക്കൻ സമീപനത്തെക്കുറിച്ചുള്ള വിശാലപദ്ധതി ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി പ്രാദേശികസഖ്യം രൂപവത്കരിക്കുക, അതുവഴി ഇറാനെ വരിഞ്ഞുമുറുക്കുക, അയൽരാജ്യങ്ങളുമായി അടുത്തബന്ധം സ്ഥാപിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ. ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള രണ്ട് യുഎസ് ഉദ്യോഗസ്ഥരെയും മറ്റ് രണ്ടുപേരെയും ഉദ്ധരിച്ച് അമേരിക്കൻമാധ്യമമായ ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മുതിർന്ന ഉപദേശകരും വിവിധ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പദ്ധതി രൂപവത്കരിക്കുകയെന്നാണ് വിവരം. മേഖലയിലെ യുഎസിന്റെ സഖ്യകക്ഷികളെ ഇറാനെതിരേ യോജിപ്പിച്ച് നിർത്തുകയും അമേരിക്ക ഇവർക്ക് സുരക്ഷ ഉറപ്പാക്കുന്നവിധത്തിൽ നിലകൊള്ളുകയും ചെയ്യുക എന്നതും 2023 ഒക്ടോബർ ഏഴാം തീയതി ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണത്തിനും പിന്നാലെയുണ്ടായ തുടർ സംഘർഷങ്ങളും പരിഹരിക്കുക എന്നതും യുഎസ് പദ്ധതിയുടെ ഭാഗമാണെന്നാണ് വിവരം. ട്രംപിന്റെ ഗാസാ പദ്ധതിയുമായി അടുത്തഘട്ടത്തിലേക്ക് കടക്കുക, അബ്രഹാം അക്കോർഡ്സ് (abraham accords) വിപുലപ്പെടുത്തുകയും ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
ഒക്ടോബർ 27-ന് ഇസ്രയേൽ തിരഞ്ഞെടുപ്പിലേക്ക് കടക്കും. യുഎസിന്റെ ഇടക്കാല തിരഞ്ഞെടുപ്പ് നവംബർമാസത്തിലാണ്. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ, തങ്ങളുടെ പുതിയ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധമാകുമെന്നാണ് ട്രംപിന്റെ ടീം പ്രതീക്ഷിക്കുന്നത്. അതേസമയം, ഇസ്രയേലിന്റെ രാഷ്ട്രീയാന്തരീക്ഷം ശാന്തമാകുന്നിടംവരെ കാത്തിരിക്കാൻ ട്രംപ് ഭരണകൂടം തയ്യാറായേക്കില്ല. രാഷ്ട്രീയപ്രതിസന്ധി രൂപപ്പെടുന്ന തിരഞ്ഞെടുപ്പുഫലമാണ് പുറത്തെത്തുന്നതെങ്കിലും പദ്ധതി അംഗീകരിക്കാൻ ഇസ്രയേലിനുമേൽ ട്രംപ് സമ്മർദം ചെലുത്തിയേക്കുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ ആഴ്ചകളിൽ മുതിർന്ന ഉപദേശകരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ പദ്ധതിയെക്കുറിച്ച് ട്രംപ് ചർച്ച നടത്തിയിരുന്നു. പദ്ധതി പൂർണരൂപത്തിലെത്തിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവന്നേക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
