ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുള്ള കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഡിസിസി ജനറൽ സെക്രട്ടറി സജാദ് കുന്തള്ളൂര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. തന്നെ മനപ്പൂർവം കയ്യേറ്റം ചെയ്തുവെന്നും, മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നുമാണ് രമ്യയുടെ ആരോപണം. പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്സി, എസ്ടി വകുപ്പടക്കം ചുമത്തിയിട്ടുണ്ട്.
തന്നെക്കുറിച്ച് സാമുഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതിനെയാണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് പറയുന്നു. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണം. സജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം തന്നെ മനപ്പൂർവം കയ്യേറ്റം ചെയ്തുവെന്നും, മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നുമാണ് രമ്യയുടെ ആരോപണം.
അതേസമയം, താൻ വിളിച്ചപ്രകാരമല്ല എംഎൽഎ വീട്ടിൽ എത്തിയതെന്ന് സജാദ് പ്രതികരിച്ചു. രമ്യ ഹരിദാസാണ് സജിത്തിനെ മർദിച്ചത്. ദൃശ്യങ്ങൾ പകർത്തിയ ആളുടെ ഫോൺ എംഎൽഎ പിടിച്ചുവാങ്ങി. എംഎൽഎയുടെ വാദം തെറ്റാണെന്നും സജാദ് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാവിലെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം. യോഗവുമായി യാതൊരു ബന്ധവുമില്ലാത്ത എംഎൽഎയുടെ പിഎ പാളയം പ്രദീപ് ഇതിൽ പങ്കെടുത്ത്, അഭിപ്രായം പറഞ്ഞത് മറ്റു ജനപ്രതിനിധികൾ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് യോഗത്തിൽ വലിയ ബഹളവും വാക്കേറ്റവുമുണ്ടായി. പിന്നാലെ, കോൺഗ്രസ് ജനറൽ സെക്രട്ടറി സജാദ് ഈ വിഷയം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
രാത്രിയോടെ എംഎൽഎ രമ്യ ഹരിദാസും പാളയം പ്രദീപും സജാദിന്റെ വീട്ടിലെത്തി. വിവരമറിഞ്ഞ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ സജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തകർ ഇവിടേക്കെത്തി. ഇരുകൂട്ടരും തമ്മിൽ സംസാരിക്കുന്നതിനിടെ എംഎൽഎ സജാദിനെ പിടിച്ചു തള്ളിയതോടെയാണ് സംഘർഷം തുടങ്ങിയത്. തുടർന്നുണ്ടായ പിടിവലിക്കിടെ എംഎൽഎയ്ക്കും പരിക്കേറ്റു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ എംഎൽഎയുടെ മൊഴി രാത്രിയോടെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
