മലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പിന്തുണയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇന്ത്യ രാജ്യത്ത് ഓരോരുത്തര്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ പറയാമെന്നും അത് സ്വീകരിക്കാമെങ്കില്‍ സ്വീകരിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അല്ലാതെ കാലികമല്ലെന്ന് പറഞ്ഞ് കളിയാക്കേണ്ടതില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ അങ്ങനെ പ്രതികരിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
‘ഓരോ മതങ്ങള്‍ക്കും അവരവരുടെ മതകാര്യങ്ങള്‍ ഉണ്ട്. ഇന്ത്യ അങ്ങനെയൊരു രാജ്യമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങളെ ആരും എതിര്‍ക്കരുത്. അങ്ങനെ എതിര്‍ക്കാന്‍ അനുവദിക്കില്ല. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് കാലത്തിനനുസരിച്ച് മാറില്ല. മാറ്റേണ്ടതുമില്ല’, ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കാന്തപുരത്തെ പിന്തുണച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും രംഗത്തെത്തിയിരുന്നു. കാന്തപുരം മതവിധി പറഞ്ഞതിനെ തലകീഴായി മറിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും സ്ത്രീകളുടെ നവോത്ഥാനത്തിനും സംരക്ഷണത്തിനും പുരോഗമന കാലഘട്ടത്തോട് യോജിക്കുന്ന ധാര്‍മ്മിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കാന്തപുരം ഉള്‍പ്പെടെ മതപണ്ഡിതന്മാരെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ അടുക്കളകളില്‍ തളച്ചിടാമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. അവര്‍ രംഗപ്രവേശം ചെയ്യുന്നിടങ്ങളില്‍ പ്രദര്‍ശന വസ്തുവാകരുതെന്നും അവരുടെ സുരക്ഷിതത്വം സമൂഹം ഉറപ്പുവരുത്തണമെന്നും പറയുന്നത് പുരോഗമന വിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
