സ്വന്തം നഗ്നചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കിയത് പുലിവാലായി; പൊലീസ് അസോസിയേഷന്‍ നേതാവും കെ.എ.പി ഹവില്‍ദാറുമായ സഞ്ജു കൃഷ്ണയ്ക്ക് സസ്പെന്‍ഷന്‍

malayalampress
3 Min Read

അടൂര്‍: സ്വന്തം ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവെച്ച സംഭവത്തില്‍ കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ സഞ്ജു കൃഷ്ണന്‍ വി.ക്കെതിരെ വകുപ്പുതല നടപടി. അന്വേഷണവിധേയമായി സഞ്ജു കൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റ് മനോജ് കെ. നായര്‍ ഉത്തരവിട്ടു. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങി. കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമ്പനിയിലുള്ള ഹവില്‍ദാര്‍ 5815, പി.ഇ.എന്‍. 491119 ആയ സഞ്ജു കൃഷ്ണന്‍ വി.ക്കെതിരെയാണ് നടപടി. സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരത്തോടെ വാട്സാപ്പില്‍ അശ്ലീല ചിത്രം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തതായാണ് വകുപ്പുതല ഉത്തരവില്‍ പറയുന്നത്. പിന്നീട് ചിത്രം നീക്കം ചെയ്യുകയും സംഭവത്തില്‍ ക്ഷമാപണം രേഖപ്പെടുത്തിയ സ്റ്റാറ്റസ് പങ്കുവെക്കുകയും ചെയ്തതായി അന്വേഷണത്തില്‍ പ്രാഥമികമായി ബോധ്യപ്പെട്ടതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംഭവം സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും പ്രചരിച്ചതോടെ സേനയുടെ അന്തസിന് കളങ്കമുണ്ടാക്കിയെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഗുരുതരമായ പെരുമാറ്റദൂഷ്യവും അച്ചടക്കലംഘനവും നടത്തിയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. കേരള സര്‍വീസ് റൂള്‍സ് ചട്ടം 55 പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ അസിസ്റ്റന്റ് കമാണ്ടന്റ് (II വിംഗ്) വാച്യാന്വേഷണം നടത്തും. രണ്ടാഴ്ചയ്ക്കകം കുറ്റാരോപണ പത്രിക സമര്‍പ്പിക്കാനും രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്് സമര്‍പ്പിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ വാട്സാപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട സംഭവത്തിന്റെ സാഹചര്യങ്ങളും ഉദ്യോഗസ്ഥന്റെ വിശദീകരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമാകും.

അതേസമയം, സംഭവത്തില്‍ സഞ്ജു കൃഷ്ണനെതിരെ കേരള പോലീസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായ ഡിജിപി മനോജ് എബ്രഹാമിന് സേനാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. നഗ്നചിത്രം വാട്സാപ്പ് സ്റ്റാറ്റസായി വന്നതും പിന്നീട് അത് മാധ്യമങ്ങളിലടക്കം പ്രചരിച്ചതും കേരള പോലീസ് സേനയ്ക്കും കെ.എ.പി മൂന്നാം ബറ്റാലിയനും ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതിക്കും വലിയ മാനക്കേടുണ്ടാക്കിയെന്നാണ് പരാതിയിലെ ആരോപണം. അടൂരിലെ കെ.എ.പി മൂന്നാം ബറ്റാലിയനില്‍ ജോലി ചെയ്യുന്ന സഞ്ജു കൃഷ്ണന്‍ കേരള പോലീസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്. പോലീസ് സേനയിലെ ഔദ്യോഗിക ചുമതലയോടൊപ്പം സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതിയിലും അംഗമായിരുന്ന സാഹചര്യത്തില്‍, ഇത്തരമൊരു സംഭവം സേനയുടെയും സൊസൈറ്റിയുടെയും പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് പരാതിക്കാരുടെ വാദം. ചിത്രം അബദ്ധവശാല്‍ വാട്സാപ്പ് സ്റ്റാറ്റസായി പോയതാണെന്നും ദുരുദ്ദേശ്യത്തോടെ പങ്കുവെച്ചതല്ലെന്നും സഞ്ജു കൃഷ്ണന്‍ വിശദീകരിക്കുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ചിത്രം അബദ്ധത്തില്‍ സ്റ്റാറ്റസില്‍ വന്നതാണെന്ന വിശദീകരണവുമായി ബന്ധപ്പെട്ട തെളിവുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രം അബദ്ധത്തില്‍ സ്റ്റാറ്റസായതാണെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നും ചിത്രം മറ്റൊരാള്‍ക്ക് അയക്കുന്നതിനിടെയാണ് മനഃപൂര്‍വം സംഭവിച്ചതെന്നുമാണ് പരാതിക്കാരുടെ ആരോപണം.

സഞ്ജു കൃഷ്ണന്‍ മുന്‍പ് സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരെ വിവിധ ഗ്രൂപ്പുകളില്‍ അസഭ്യം പറയുകയും മറ്റ് രീതികളില്‍ ദ്രോഹിക്കുകയും ചെയ്തിരുന്നതായും പരാതിയില്‍ ആരോപണമുണ്ട്. കേരള പോലീസ് ലഹരിക്കെതിരെയും സ്ത്രീസുരക്ഷയ്ക്കായും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ സേനയിലെ ചില ഭാരവാഹികളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും ഉണ്ടാകുന്ന വിവാദങ്ങള്‍ സേനയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പോലീസ് സേനയുടെ അച്ചടക്കവും അന്തസും കാത്തുസൂക്ഷിക്കാന്‍ ഇത്തരം സംഭവങ്ങളില്‍ കര്‍ശനമായ വകുപ്പുതല നടപടി വേണമെന്നാണ് ഒരു വിഭാഗം സേനാംഗങ്ങളുടെ ആവശ്യം.

ഇതിനിടെ കേരള പോലീസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.പി. പ്രവീണിനെതിരെ പോക്സോ കേസ് നിലവിലുണ്ടെന്നും, അദ്ദേഹത്തെ സഹായിച്ചെന്നാരോപിച്ച് മുന്‍ വൈസ് പ്രസിഡന്റ് സി.ആര്‍. ബിജുവിനെതിരെ നല്‍കിയ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പി അന്വേഷണം നടത്തുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്നവരെ സൊസൈറ്റിയുടെ ഭരണസമിതിയില്‍ നിന്നും ആവശ്യമായ സാഹചര്യത്തില്‍ സേനയിലെ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന ആവശ്യവും പരാതിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article