മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നും വീണ് പരിക്കേറ്റ രോ​ഗി മരിച്ചു; ആശുപത്രിയുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ

News Desk
1 Min Read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ രോ​ഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ള എന്നയാളാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം. ആശുപത്രിയുടെ അനാസ്ഥയെന്നാണ് കുടുംബം ആരോപിക്കുന്നത്.

പരിക്ക് പറ്റിയ ശേഷം ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. പരിക്കുപറ്റിയ ശേഷം അതേ ബെഡിൽ തന്നെ കിടത്തിയാണ് മുറിവ് സ്റ്റിച്ച് ചെയ്തതെന്നും ഐസിയുവിലേക്ക് മാറ്റിയില്ലെന്നും മകൾ ശ്യാമള ദേവി പറഞ്ഞു.

ചികിത്സക്കായി എത്തിയ സുകുമാരപിള്ളയ്ക്ക് ഇരുവശവും സേഫ്റ്റി റൈലിംഗ് ഇല്ലാത്ത ബെഡ് നൽകിയെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. തിരുവോണ ദിവസമാണ് പക്ഷാഘാതം ഉണ്ടായത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തും.

അതേ സമയം അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരിക്കുന്നത്. സേഫ്റ്റി റൈലിംഗ് ഉള്ള ബെഡ് ഒഴിവ് ഉണ്ടായിരുന്നില്ല. ബൈസ്റ്റാൻഡർ ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് രോഗി കട്ടിലിൽ നിന്ന് വീണത്. പോസ്റ്റ്‌മോർട്ടം നടത്താൻ ആവശ്യപ്പെട്ടത് ഡോക്ടർ ആണ്. ബന്ധുക്കൾ പോസ്റ്റ്‌ മോർട്ടം വേണ്ടെന്നാണ് പറഞ്ഞതെന്നും സൂപ്രണ്ട് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!