പ്ലേ സ്കൂളിൽ ക്രൂരമർദനം: മൂന്ന് വയസ്സുകാരന്റെ കണ്ണിനും കർണപടത്തിനും പരിക്ക്

News Desk
1 Min Read

ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം. പരാതിയെ തുടർന്ന് അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ വെച്ച് കുട്ടിയെ മർദിക്കുകയും കസേരയിൽ കെട്ടിയിടുകയും ചെയ്തതായാണ് മാതാപിതാക്കളുടെ പരാതി. ആക്രമണത്തിൽ കുട്ടിയുടെ കണ്ണുകൾക്കും കർണപടങ്ങൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പ്ലേ സ്കൂൾ അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിക്ക് മെഡിക്കൽ പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 16നാണ് കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളും ചതവുകളും രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിൽനിന്ന് തിരിച്ചെത്തിയ കുട്ടി ഛർദിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഡോക്ടറുടെ പരിശോധനയിൽ കുട്ടിയുടെ കണ്ണുകൾക്കും കർണപടങ്ങൾക്കും സാരമായ പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതരെ രക്ഷിതാക്കൾ സമീപിച്ചപ്പോൾ ആരോപണങ്ങൾ ആദ്യം നിഷേധിച്ചെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറായെന്നും പിതാവ് വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടിയെ നിരന്തരമായി മർദിച്ചിരുന്നതായും കസേരയിൽ കെട്ടിയിട്ടിരുന്നതായും കണ്ടെത്തി. എന്നാൽ കുട്ടി ഹൈപ്പർ ആക്റ്റീവായിരുന്നതിനാലാണ് കെട്ടിയിട്ടതെന്നായിരുന്നു സ്കൂൾ അധികൃതരുടെ വാദം.

കൂടാതെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മൂന്ന് ദിവസത്തേത് മാത്രമാണ് കുടുംബത്തിന് കാണിച്ചതെന്നും മുൻ ദിവസങ്ങളിൽ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് ആശങ്ക പ്രകടിപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!