പാർട്ടിക്കിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലി തർക്കം: യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്

News Desk
1 Min Read

ബെളഗാവി: പാർട്ടിക്കിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്. കർണാടകയിലെ ബെളഗാവി ജില്ലയിൽ മൂടലഗി താലൂക്കിലെ ഹുനശ്യാൾ പിജി ഗ്രാമത്തിലാണ് തർക്കവും കൊലപാതകവും നടന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്.

സീതാറാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂടലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്ന ഇരുവരും ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശികളാണ്.

ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഒരാൾ മറ്റൊരാളേക്കാൾ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും തർക്കം ആരംഭിച്ചത്.

തുടർന്ന് തർക്കം രൂക്ഷമായതോടെ അരുൺ കുമാർ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കൊലപാതകം മറച്ചുവയ്ക്കാനായി ഉടൻ തന്നെ, പരുക്കേറ്റ സീതാറാമിനെ അരുൺ തന്നെ ഗോകാക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സീതാറാം കെട്ടിടത്തിൽ നിന്ന് വീണതാണെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് ആദ്യം പറഞ്ഞത്.

എന്നാൽ സംഭവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് അരുൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ സീതാറാം മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!