നേപ്പാളിലെ മിന്നല്‍ പ്രളയം: 33 മലയാളികളെ കാണാനില്ല; 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യമന്ത്രാലയം

News Desk
1 Min Read

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ ഇന്ത്യക്കാരുടെ വിവരത്തില്‍ ആശങ്കയേറുന്നു. 288 ഇന്ത്യന്‍ പൗരന്‍മാരെ കാണാതായെന്നും ഇവരില്‍ 33 പേര്‍ മലയാളികളാണെന്നുമാണ് ഏറ്റവും പുതിയ വിവരം. ഇവരുമായി ഒരുതരത്തിലുള്ള ബന്ധവും പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. അതേസമയം, നേപ്പാളിലേക്ക് പോയവരില്‍ 56 മലയാളികളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞുവെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാണാതായവരില്‍ 73 പേര്‍ ത്രിശൂല്‍ വണ്‍ പവര്‍ പ്രൊജക്ടിനായി ജോലി ചെയ്തിരുന്നവരാണ്. ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.  ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നേപ്പാള്‍ പ്രധാനമന്ത്രിയെ ദുഃഖം അറിയിച്ചുവെന്നും നേപ്പാളിനൊപ്പം ഇന്ത്യ ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

അതിനിടെ നേപ്പാളില്‍ കുടുങ്ങിയ തമിഴ്നാട് സ്വദേശികളില്‍ 21 പേരെ രക്ഷപെടുത്തി. ഇവരുടെ പേരുവിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. മാനസരോവര്‍ തീര്‍ഥാടനത്തിനായി എത്തിയതായിരുന്നു ഇവര്‍. തമിഴ്നാട്ടില്‍ നിന്നുള്ള 37 ഉം 49 ഉം പേരടങ്ങുന്ന രണ്ട് സംഘങ്ങള്‍ കൂടിയുണ്ട്. ബംഗാളിലെ 32 ഉം കേരളത്തില്‍ നിന്നുള്ള 33 പേര്‍ക്കും പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 61 പേരെ കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!