ദോഹ/ദുബായ്: വാങ്ങാൻ ആളുണ്ടെങ്കിൽ ഹോർമുസിലെ ലോഡിങ് പോയിന്റുകളിൽ എണ്ണ നിറച്ചുനൽകാനുള്ള പദ്ധതിയുമായി ഇറാഖും ഖത്തറും. ഇതുമായി ബന്ധപ്പെട്ട റിസ്ക് എണ്ണ വാങ്ങുന്ന കമ്പനികൾ തന്നെ ഏറ്റെടുക്കണം.
ഇറാഖിന്റെ എണ്ണവിൽപന കമ്പനിയായ സോമോയും ഖത്തർ എനർജിയുമാണ് അസാധാരണ ടെൻഡർ ക്ഷണിച്ചത്. ഖത്തറിന്റെയോ ഇറാഖിന്റെയോ തുറമുഖത്തു നേരിട്ടെത്തി എണ്ണ നിറയ്ക്കുന്നതിനുപകരം ഹോർമുസ് കടലിടുക്കിൽ നിർമിച്ച ലോഡിങ് പോയിന്റിൽനിന്നു വേണം എണ്ണ നിറയ്ക്കാൻ.
ഇറാഖിന്റെ പ്രതിദിന എണ്ണ ഉൽപാദനം 30 ലക്ഷം ബാരൽ കടന്നതായി പെട്രോളിയം മന്ത്രാലയം വക്താവ് സലീം അൽ റക്കബി പറഞ്ഞു. അതേസമയം, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കുനേരെ കർശനനടപടികളുമായി ഇറാൻ രംഗത്തിറങ്ങി. കപ്പലുകൾ പിടിച്ചെടുക്കുമെന്നും ജീവനക്കാരെ തടവിലാക്കുമെന്നും കടലിടുക്കിന്റെ നിയന്ത്രണം ലക്ഷ്യമാക്കി ഇറാൻ പുതിയതായി രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി (പിജിഎസ്എ) അറിയിച്ചു.
നിലവിൽ ഇറാന്റെ ചട്ടങ്ങൾ പാലിക്കുന്ന കപ്പലുകളുടെ പട്ടിക പിജിഎസ്എ പ്രസിദ്ധീകരിച്ചു. ഹോർമുസിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാൻ–ഇറാൻ ചർച്ച അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗേയി പറഞ്ഞു. യുദ്ധം തുടങ്ങിയതിനുശേഷം യുഎഇ ദിനംപ്രതി 6 ലക്ഷം സൈബർ ആക്രമണങ്ങളാണു നേരിടുന്നതെന്നു യുഎഇയുടെ കേന്ദ്ര സൈബർ സുരക്ഷ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്ത് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
