കോഴിക്കോട്: പിണറായി വിജയനെതിരെ സി.പി.ഐ മുഖ്യപത്രമായ ജനയുഗത്തില്‍ സത്യന് മൊകേരിയുടെ ലേഖനം. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയന് നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികതയുടെ ഇല്ലായ്മയായി മാത്രമേ കാണാന്‍ കഴിയൂവെന്ന് ലേഖനത്തില്‍ പറയുന്നു.
താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ല. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് എല്‍.ഡി.എഫില്‍ കൂട്ടായ പ്രവര്‍ത്തനത്തിന് സി.പി.ഐ മുന്നോട്ടുവച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സി.പി.ഐയുടെ നിര്‍ദേശം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയത്. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ലെന്നും ലേഖനം പറയുന്നു.
തര്‍ക്കങ്ങള്‍ എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്ന ധാരണയില്‍ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോള്‍ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താനാണോയെന്നും പത്രം ചോദിക്കുന്നു.
‘ദിമിത്രോവ് ആവര്‍ത്തിച്ച് പറഞ്ഞത് പറഞ്ഞത് ‘മുന്നണി യജമാനന്-ഭൃത്യന് തമ്മിലുള്ള ബന്ധമല്ല. പാര്‍ട്ടികള്‍ തമ്മില്‍ തുല്യമായ പങ്കാളിത്തവും സഹകരണവുമാണ് പുലര്‍ത്തേണ്ടത്. തുല്യപങ്കാളിത്തവും പരസ്പര ബഹുമാനവും ഉണ്ടാകണം. എല്ലാം നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളുടെ സ്വാതന്ത്ര്യത്തെയും ആശയങ്ങളെയും മാനിക്കണം”. – സത്യന് മൊകേരി ലേഖനത്തിൽ പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
