മലപ്പുറത്ത് യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

malayalampress
1 Min Read

മലപ്പുറം: പുറത്തൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലിസ് പിടിയിലായി. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഫൗസിയ (37) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് ഹുസൈനാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് ഉച്ചയോടെയാണ് തിരൂർ പൊലിസ് കസ്റ്റഡിയിലെടുത്തത്.

കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞ് വ്യാഴാഴ്ച പുലർച്ചെയാണ് മത്സ്യത്തൊഴിലാളിയായ ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയത്. രാവിലെ മാതാപിതാക്കളെ കാണാതിരുന്നതിനെത്തുടർന്ന് ജോലിക്കും സ്കൂളിലും പോയ മക്കൾ, വൈകീട്ടായിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് തിരൂർ പൊലിസിൽ പരാതി നൽകുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം മത്സ്യബന്ധന ബോട്ടിന്റെ നങ്കൂരം ഉയർത്തുന്നതിനിടയിലാണ് അറ്റത്ത് ചാക്ക് കെട്ടിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ കടുത്ത വഴക്കുണ്ടായിരുന്നതായും വസ്ത്രങ്ങൾ കീറിയതിനെ തുടർന്ന് ഫൗസിയ അയൽവീട്ടിൽ അഭയം തേടിയിരുന്നതായും നാട്ടുകാർ വെളിപ്പെടുത്തി. വ്യാഴാഴ്ച പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപം ഹുസൈന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓണായതായി പൊലിസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!