യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ തള്ളിയനിലയിൽ; ഭർത്താവ് ഒളിവിൽ

News Desk
1 Min Read

പുറത്തൂർ: യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ തള്ളിയനിലയിൽ കണ്ടെത്തി. തിരൂർ-പൊന്നാനി പുഴയിൽ പടിഞ്ഞാറെക്കര ബോട്ട് ജെട്ടിക്കു സമീപമാണ് പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ഹുസൈൻ ഒളിവിൽ പോയി. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഒളിവിൽ പോയ ഹുസൈനിനായി അന്വേഷണം നടത്തി വരികയാണ്.

വ്യാഴാഴ്ച പുലർച്ചെ ഫൗസിയയെ ഹുസൈൻ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതായി മക്കൾ പറയുന്നു. കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് മത്സ്യത്തൊഴിലാളിയായ ഹുസൈൻ ‌ഉറങ്ങുകയായിരുന്ന ഫൗസിയയെ വിളിച്ചുണർത്തികൊണ്ടു പോയത്. രാവിലെ മാതാപിതാക്കളെ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നായിരുന്നു മക്കൾ ധരിച്ചിരുന്നത്.

തുടർന്ന് വ്യാഴാഴ്ച പകൽ മകൻ ജോലിക്കും മകൾ സ്‌കൂളിലേക്കും പോയി. വൈകീട്ടും ദമ്പതിമാരെ കാണാതായതോടെയാണ് തിരൂർ പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ പടിഞ്ഞാറേക്കര ബോട്ടുജെട്ടിയിൽ മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്കിറക്കി നങ്കൂരം ഉയർത്തുമ്പോഴാണ് അറ്റത്ത് ചാക്ക് കെട്ടിയ നിലയിൽ കണ്ടത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഫൗസിയയുടെ മൃതദേഹം കണ്ടത്തിയത്.

വീട്ടിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധൻ രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങൾ കീറുകയും പ്രാണരക്ഷാർഥം അയൽവീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നതായി അയൽവാസികൾ പറയുന്നു. ഇൻക്വസ്റ്റിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കാണാതായ ഹുസൈന്റെ മൊബൈൽഫോൺ വ്യാഴാഴ്ച പുറത്തൂർ ബസ്സ്റ്റാൻഡിനു സമീപത്ത് ഓണാക്കിയതായി കണ്ടെത്തിണ്ട്. പിന്നീട് സ്വിച്ച് ഓഫ്‌ ആയി. മക്കൾ: ഷബീബ്, ബിൻസി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article