മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

News Desk
1 Min Read

കൊച്ചി: മുട്ടിൽ മരംമുറി തട്ടിപ്പുകേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി. ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾ നേരിട്ട് ഹാജരാകേണ്ടതായിരുന്നു. എന്നാൽ, ഇത് ഒഴിവാക്കാനുള്ള നീക്കമാണ് അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയിൽ നടത്തിയത്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയായിരുന്നു ഹൈക്കോടതിയിലെ നീക്കം. എന്നാൽ ഹർജി നിലനിൽക്കില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

വിചാരണനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വയനാട് വനഭൂമിയിൽനിന്ന് മരംമുറിച്ചെന്ന കേസിൽ തീരുമാനമുണ്ടാകുംവരെ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണനടപടികൾ നിർത്തിവെക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയെത്തുടർന്ന് അമ്പലമേട് പോലീസ് എടുത്ത കേസാണ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്. കരിമുകൾ മലബാർ ടിംബേഴ്‌സ് ഉടമ എം.എം. അലിയാരാണ് പരാതി നൽകിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article