കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക്. റിയാസിന്റെ സുഹൃത്തുക്കളുടെയും അദ്ദേഹവുമായി അടുപ്പമുള്ള കോഴിക്കോട്ടെ സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കളുടെയും വീടുകളിലടക്കം എട്ട് ഇടങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി. സംഘം റെയ്ഡ് നടത്തി.
എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി. വീണയുടെ മൊഴികളിൽനിന്നും ഡയറിയിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി. നിഖിൽ, ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖല ജോയിന്റ് സെക്രട്ടറിയും ഡെസ്റ്റിനേഷൻ ടൂറിസം മാനേജരുമായ എടക്കാട് സ്വദേശി നന്ദുലാൽ, റിയാസിന്റെ സഹപാഠികളായ കോഴിക്കോട് സരോവരത്തെ കെ.സി.കെ. ഡെന്റൽസ് ഉടമ പി.പി. ഷൈജൽ, ഐ.ടി. കമ്പനി ഉടമ കാരപ്പറമ്പ് സ്വദേശി ഫെബിഷ് മുഹമ്മദ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എം.ഡി. വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സരോവരത്തെ കെ.സി.കെ. ഡെന്റൽസ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് എന്നീ സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. പോലീസിന്റെ സഹായംതേടാതെ കേന്ദ്രസേനയുടെ സുരക്ഷയോടെയായിരുന്നു പരിശോധന.
ഇവരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ സംഘം ശേഖരിച്ചു. പ്രാഥമികമായി ചോദ്യംചെയ്യുകയും ചെയ്തു. ഇവരിൽ ചിലരുടെ സ്വത്ത് മരവിപ്പിക്കാനും നീക്കമുണ്ട്.
വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കഴിഞ്ഞ മേയിൽ ചുവന്ന കവറുള്ള ഡയറി ഇ.ഡി. സംഘം പിടിച്ചെടുത്തിരുന്നു. നിഖിൽ, വാരിസ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയതായി ഡയറിയിലുണ്ടായിരുന്നു. വീണയെ ചോദ്യംചെയ്തപ്പോൾ ‘നാലുപേരും റിയാസിന്റെ സുഹൃത്തുക്കളാണ്, ഒരാൾ തന്റെ കൂടി സുഹൃത്താണെ’ന്നുമായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്നും വീണ വ്യക്തമാക്കിയിരുന്നു. ചോദ്യംചെയ്യലിനിടെ വീണയെക്കൊണ്ട് ഇവരെ വിളിപ്പിക്കുകയും ചെയ്തിരുന്നു.
വീണയെ ചോദ്യംചെയ്തപ്പോൾ ചില ചോദ്യങ്ങൾക്ക്, ‘ഭർത്താവ് റിയാസിന് മാത്രമേ അതു സംബന്ധിച്ചറിവൂള്ളൂ’ എന്നായിരുന്നു മറുപടി. ഇതിന്റെ അടിസ്ഥാനത്തിൽ റിയാസിനെ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇ.ഡി. സംഘത്തിന്റെ നിലപാട്. റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണോ എന്നും അറിയേണ്ടതുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
