ഗൾഫിലെ പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസകരമായ വാർത്ത. ഖത്തറിൽനിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ (Unified Payments Interface) വഴി അതിവേഗം പണമയക്കാനുള്ള പുതിയ സംവിധാനം നിലവിൽ വന്നു. ഇന്ത്യ പോസ്റ്റ്, ഖത്തർ പോസ്റ്റ്, യുണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU), എൻ.പി.സി.ഐ, ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡ് (NIPL) എന്നിവ സംയുക്തമായാണ് ‘PosTransfer powered by UPI’ സേവനം ആരംഭിച്ചത്.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് ചെറുകിട വരുമാനക്കാർക്കും തൊഴിലാളികൾക്കും, നാട്ടിലേക്ക് ഏറ്റവും ലളിതമായും കുറഞ്ഞ നിരക്കിലും പണമയക്കാൻ ഇത് സഹായകമാവും.
നാട്ടിൽ പണം സ്വീകരിക്കാൻ ബാങ്ക് അക്കൗണ്ട് നമ്പറോ ഐ.എഫ്.എസ്.സി (IFSC) കോഡോ ആവശ്യമില്ല; യുപിഐ ഐഡി (UPI ID) മാത്രം മതിയാകും. ഒരു ഇടപാടിന് ഫ്ലാറ്റ് നിരക്കായി 15 ഖത്തർ റിയാൽ (QAR 15) മാത്രമാണ് സർവീസ് ചാർജ്. അയക്കാൻ സാധിക്കുന്ന കുറഞ്ഞ തുക 10 റിയാൽ, കൂടിയ തുക 4,000 റിയാൽ.
പണമയക്കാൻ എന്തൊക്കെ വിവരങ്ങൾ വേണം?
പണമയക്കുന്നയാളുടെ പേര്, സാധുതയുള്ള ഖത്തർ ഐഡി (QID Number), മൊബൈൽ നമ്പർ (Sender’s Mobile Number) എന്നിവ നൽകണം ഇന്ത്യയിൽ പണം സ്വീകരിക്കുന്നയാളുടെ, പേര് (Beneficiary’s Name), ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ഐഡി (Beneficiary’s UPI ID), മൊബൈൽ നമ്പർ (Beneficiary’s Mobile Number) എന്നിവ നൽകണം
പണം അയക്കേണ്ടത് എങ്ങനെ?
പോസ്റ്റ് ഓഫീസ് സന്ദർശിക്കുക: ഖത്തറിലെ ഏതെങ്കിലും ഖത്തർ പോസ്റ്റ് ശാഖയിലെത്തുക.
രേഖകൾ കൈമാറുക: ഖത്തർ ഐഡിയും (QID) മൊബൈൽ നമ്പറും നൽകുക.
ഓപ്ഷൻ തെരഞ്ഞെടുക്കുക: പണമയക്കൽ മാർഗ്ഗമായി ‘UPI / PosTransfer’ തെരഞ്ഞെടുക്കുക.
വിവരങ്ങൾ നൽകുക: നാട്ടിലുള്ള സ്വീകർത്താവിന്റെ യുപിഐ ഐഡിയും മൊബൈൽ നമ്പറും രേഖപ്പെടുത്തുക.
ക്രെഡിറ്റ് കൺഫർമേഷൻ: പണം അയച്ച ഉടൻ ഇന്ത്യയിലെ അക്കൗണ്ടിൽ തുക ക്രെഡിറ്റാകും. തുടർന്ന് ഇരുവർക്കും എസ്.എം.എസ് വഴി സ്ഥിരീകരണ സന്ദേശവും ലഭിക്കും. സ്വീകർത്താവ് പണം കൈപ്പറ്റാൻ പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പോകേണ്ടതില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
