കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; ആയിരം കിലോയിലേറെ പഴകിയ ഭക്ഷണം കണ്ടെത്തി

News Desk
2 Min Read

ബെം​ഗളൂരു : കർണാടകയിൽ 1,000 കിലോയിലധികം കാലാവധി കഴിഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളും ഇതിൽപ്പെടുന്നു.

സംസ്ഥാനവ്യാപകമായി നടത്തിയ ഭക്ഷ്യ സുരക്ഷാ പരിശോധനയിലാണ് ഗുരുതരമായ ശുചിത്വ, ഗുണനിലവാര ലംഘനങ്ങൾ കണ്ടെത്തിയത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റിസോർട്ടുകൾ, പൊതു ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ചട്ടങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് ഒന്നിലധികം നോട്ടീസുകൾ നൽകിയിട്ടുണ്ട്.

പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി മൈസൂരു നഗരത്തിലും ജില്ലയിലും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധനകൾ നടത്തി. റിയോ മെറിഡിയൻ ഹോട്ടലിൽ കാലാവധി കഴിഞ്ഞ 9 കിലോ കോഴിയിറച്ചി അധികൃതർ പിടിച്ചെടുത്തു. ഗ്രാൻഡ് മെർക്കുർ ഹോട്ടലിൽ നിന്ന് 68 കിലോ മാംസവും, ക്യു സ്റ്റാർ ഹോട്ടലിൽ നിന്ന് 4 കിലോ കൂണും പിടിച്ചെടുത്തു.

മൈസൂരു, നഞ്ചൻഗുഡ് താലൂക്കുകളിലെ മൂന്ന് റിസോർട്ടുകളിൽ പരിശോധനകൾ നടത്തി മൂന്ന് നോട്ടീസുകൾ നൽകി. ഇവിടങ്ങളിൽ നിന്ന് ലാബ് പരിശോധക്കായി ഉദ്യോഗസ്ഥർ അഞ്ച് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. കാലാവധി കഴിഞ്ഞതും പെട്ടെന്ന് കേടാകുന്നതുമായ ഏകദേശം 16 കിലോ ഭക്ഷ്യവസ്തുക്കൾ ഓപ്പറേഷനിടെ അധികൃതർ നശിപ്പിക്കുകയും ചെയ്തു.

മംഗളൂരുവിലെ കെ എസ് റാവു റോഡിലുള്ള കെ എഫ് സി ഔട്ട്‌ലെറ്റിൽ ഉപഭോക്തൃ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഓൺലൈനായി വാങ്ങിയ ചിക്കൻ പെരി പെരി ലെഗ് പഴകിയതാണെന്ന ഉപഭോക്താവിന്റെ പരാതിയിലായിരുന്നു പരിശോധന. അന്വേഷണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ സംഘങ്ങൾ ഔട്ട്‌ലെറ്റിന്റെ അടുക്കള, സംഭരണ ​​സ്ഥലങ്ങൾ, കോൾഡ് റൂമുകൾ, ഫ്രീസറുകൾ, പാകം ചെയ്ത ഭക്ഷണ സ്റ്റോക്കുകൾ എന്നിവ പരിശോധിച്ചു. തുടർന്നാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്.

വിധാൻ സൗധ, വികാസ സൗധ, ആരോഗ്യ സൗധ എന്നിവയുൾപ്പെടെ ബെംഗളൂരുവിലെ പ്രധാന സർക്കാർ സമുച്ചയങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി. വൃത്തിഹീനമായ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികൾ, അപര്യാപ്തമായ കീടനിയന്ത്രണ നടപടികൾ, ചില സൗകര്യങ്ങളിൽ കാലഹരണപ്പെട്ട ചേരുവകളുടെ സാന്നിധ്യം എന്നിവ അധികൃതർ റിപ്പോർട്ട് ചെയ്തു. ഇന്ദിര കാന്റീനുകൾ ഉൾപ്പെടെയുള്ള ക്വിക്ക്-കൊമേഴ്‌സ് സ്റ്റോറേജ് സെന്ററുകളും കമ്യൂണിറ്റി ഫീഡിംഗ് സൗകര്യങ്ങളും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ചിലതിന് ശുചിത്വ പ്രശ്നങ്ങൾ കാരണം നോട്ടീസുകളും, ചിലതിന് അടച്ചുപൂട്ടൽ ഉത്തരവുകളും നൽകിയിട്ടുണ്ട്.

ബെംഗളൂരുവിലെ ന​ഗര പ്രദേശങ്ങളിൽ മാത്രം 60 ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ പരിശോധിക്കുകയും ലബോറട്ടറി പരിശോധനക്കായി 77 ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തുടനീളം കർണാടക ഭക്ഷ്യ സുരക്ഷാ, മരുന്ന് അഡ്മിനിസ്ട്രേഷൻ വകുപ്പ് നടത്തുന്ന വിപുലമായ പരിശോധനയുടെ ഭാഗമാണ് പുതിയ നടപടി.
.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article