കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടിസ് അയച്ചത്.
അടുത്തയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. നേരത്തെ തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. മുൻപ് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല.
തൊപ്പിയും സുഹൃത്തുക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനു പിന്നാലെയാണ് സുഹൃത്തുക്കളുടെ വിഡിയോ തൊപ്പി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്തത്. തന്റെ വീട്ടിൽ സുഹൃത്തുകൾ ലഹരിമരുന്ന് കൊണ്ടുവന്നെന്നും തൊപ്പി ആരോപിച്ചു. ഇതിനു പിന്നാലെ തൊപ്പി പെൺകുട്ടികളോട് ലൈംഗിക ചൂഷണം നടത്തിയെന്നും പിന്നീട് പണം നൽകി ഇത് ഒതുക്കിത്തീർത്തെന്നും സുഹൃത്ത് ആരോപിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികളോടുവരെ തൊപ്പി ലൈംഗികാതിക്രമം നടത്തിയെന്ന് സുഹൃത്തുക്കൾ വിഡിയോയിൽ ആരോപിക്കുന്നുണ്ട്. തൊപ്പിയുടെ മുറിയിൽനിന്ന് കഞ്ചാവ് പുറത്തെടുക്കുന്ന വിഡിയോയും സുഹൃത്ത് ഷമീർ പുറത്തുവിട്ടിരുന്നു. പരസ്പരം ആരോപണങ്ങളുന്നയിച്ചു കൊണ്ടുള്ള തൊപ്പിയുടെയും കൂട്ടരുടെയും ലൈവ് വിഡിയോകൾ പരിധി വിട്ടതോടെയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന പൊലീസിൽ പരാതി നൽകിയത്. ലക്ഷക്കണക്കിന് കുട്ടികളാണ് തൊപ്പിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
