ദുബായ്: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിൽ 25-30 % വരെയാണ് വർധന. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതൽ 25% വരെയുമാണ് നിരക്ക് വർധിച്ചത്.
ദുബായിൽനിന്ന് നാളെ കൊച്ചിയിലേക്കുപോയി സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം ജനുവരി നാലിന് തിരിച്ചെത്താൻ ഒരാൾക്ക് ശരാശരി 2500 ദിർഹം (61,229 രൂപ) നൽകണം. നാലംഗ കുടുംബത്തിന് ഇതേ സെക്ടറിൽ പോയി വരാൻ 10,000 ദിർഹം (2,44 ലക്ഷം രൂപ) ആണ് ശരാശരി നിരക്ക്. ഓരോ എയർലൈനും സെക്ടറും അനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും.
യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള (60%) ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത വർധിച്ചതും ടിക്കറ്റ് നിരക്ക് കൂടാനിടയാക്കി.
കേരള, ഡൽഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കിൽ 30 ശതമാനം വർധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 % വർധന രേഖപ്പെടുത്തി.
നേരത്തെ ടിക്കറ്റ് എടുത്തവർ നിരക്കുവർധനയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കൽ മൂലം യാത്ര അനിശ്ചിതത്വത്തിലായവരിൽ മലയാളികളുമുണ്ട്. വിമാനത്താവളത്തിലേക്കു യാത്ര പുറപ്പെടുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റേറ്റസ് പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇൻഡിഗോ പ്രതിസന്ധി സാധാരണ നിലയിലാകുംവരെ വിമാന സമയങ്ങളിൽ കാലതാമസം ഉണ്ടാകാം. ഇൻഡിഗോയിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരമായലാൽ ജനുവരി അവസാനത്തോടെ നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. പ്രശ്നം അവസാനിച്ചില്ലെങ്കിൽ ഓഫ് സീസണായ ഫെബ്രുവരിയിലും കൂടിയ തുക നൽകി യാത്ര ചെയ്യേണ്ടിവരും.





