ന്യൂഡല്‍ഹി: അസമില്‍ പ്രളയക്കെടുതിയില്‍ മരണം 95 ആയി ഉയര്‍ന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ കൂടിയത്. പതിനാല് ജില്ലകളിലായ 1,60,000 പേരെയാണ് മഴക്കെടുതി ബാധിച്ചത്. അതേസമയം നുമാലിഗഡില്‍ ധന്‍ശ്രീ നദി അപകടകരമായ നിലയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നിരവധി ജില്ലകള്‍ ദുരന്തമുഖത്താണ്. ബിശ്വനാഥ്, ശിവസാഗര്‍ ജില്ലകളില്‍ രണ്ട് മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.
ഗോലാഘട്ടില്‍ ഒരു മരണം സ്ഥിരീകരിച്ചു. മൊറിഗാവ് ജില്ലയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശിവസാഗറാണ് മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ല. ലഖിംപൂര്‍, ചാരാഡിയോ, ബിസ്വനാഥ്, ധേമാജി, കാംരൂപ് മെട്രോപൊളിറ്റന്‍, സോണിത്പൂര്‍, തിന്‍സൂക്കിയ, നഗാവ്, ദറാങ്, കര്‍ബി ആംഗ്‌ലോങ്ങ്, ഉഡല്‍ഗുരി എന്നിവിടങ്ങളെയും പ്രളയം രൂക്ഷമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,356 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ഒഡീഷയിൽ കനത്ത മഴയിൽ തലസ്ഥാന നഗരമായ ഭുവനേശ്വറിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ മാത്രം 100mm മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇടമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 30-50 കിലോമീറ്ററിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസം ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഹിമാലയത്തിന് മുകളിലായുള്ള ‘വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ്’ എന്ന അന്തരീക്ഷ വ്യതിയാനം, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡാര്‍ജിലിങ് പ്രദേശങ്ങള്‍ക്ക് മുകളിലായുള്ള ചക്രവാതച്ചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റിന്റെ ശക്തമായ പ്രവാഹം എന്നിവ ഉത്തരേന്ത്യയില്‍ ശക്തമായ മഴയ്ക്ക് കാരണമാകും. സിന്ധു ഗംഗാ സമതലത്തിലും മറ്റ് പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം നഗരത്തിലെ വായുഗുണനിലവാര സൂചിക തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഉണ്ടായ കനത്ത മഴയില്‍ റോഡുകള്‍ മുങ്ങിയതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. മഴ കനത്തതോടെ ഡല്‍ഹിയിലെ താപനിയിലും കുത്തനെ താഴ്ന്നിട്ടുണ്ട്. മഴ ശക്തമായതോടെ ആഗസ്റ്റിലെ ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസമായി വ്യാഴാഴ്ച മാറി. എന്നാല്‍ സംസ്ഥാനത്തെ സംഗം വിഹാറിലാണ് മഴക്കെടുതി രൂക്ഷമായത്. ചെങ്കോട്ടയ്ക്കും ഐടിഒയ്ക്കും സമീപം വെള്ളക്കെട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ വാഹനങ്ങളെല്ലാം ഇഴഞ്ഞ് നീങ്ങേണ്ട അവസ്ഥയിലായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
