- 2026 വര്‍ഷത്തില്‍ ചില സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
- യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രാവല്‍ ഏജന്‍സികളുമായി വിവരങ്ങള്‍ ആരായുന്നത് യാത്രാ തടസ്സം നേരിടാതിരിക്കുന്നതിന് സഹായകമാവും.
ദുബൈ: വേനലവധി കഴിഞ്ഞ് പ്രവാസി കുടുംബങ്ങള്‍ നാട്ടില്‍ നിന്നും യുഎഇയിലേക്ക് തിരികെ യാത്ര ചെയ്യുമ്പോള്‍ കൊണ്ടുവരാന്‍ പാടില്ലാത്തതും അനുവദിച്ചതുമായ സാധനങ്ങളുടെ പട്ടിക ഓര്‍മ്മപ്പെടുത്തി വിമാനക്കമ്പനികള്‍. 2026 വര്‍ഷത്തില്‍ ചില സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രാവല്‍ ഏജന്‍സികളുമായി വിവരങ്ങള്‍ ആരായുന്നത് യാത്രാ തടസ്സം നേരിടാതിരിക്കുന്നതിന് സഹായകമാവും.
ഒറ്റക്കോ, കുടുംബമായോ യാത്ര ചെയ്യുന്നതിന് മുമ്പ് നിരോധിതവും നിയന്ത്രണമുള്ളതുമായ വസ്തുക്കളുടെ പട്ടിക പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. ഭക്ഷ്യവസ്തുക്കള്‍, ഇസിഗരറ്റുകള്‍ (വേപ്പ്), മരുന്നുകള്‍, ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍, ഡ്രോണുകള്‍, തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്നതിന് യുഎഇയില്‍ കര്‍ശനമായ നിയമങ്ങളുണ്ട്. വേനലവധിക്ക് ശേഷം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളും സന്ദര്‍ശകരും വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണങ്ങളോ പ്രാദേശിക വിഭവങ്ങളോ കൊണ്ടുവരുന്നത് സാധാരണമാണ്.
എന്നാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിനാല്‍ ചില ഭക്ഷണസാധനങ്ങള്‍ക്ക് നിയന്ത്രണമോ നിരോധനമോ ഉണ്ട്.
വസ്തുക്കൾ
ചില വസ്തുക്കള്‍ ചെക്ക്ഡ്ഇന് ബാഗേജില്‍ അനുവദിക്കുമെങ്കിലും ഹാന്റ് ബാഗേജില്‍ അനുവദിക്കില്ല. എണ്ണയുടെ അളവ് കൂടുതലുള്ളതോ എളുപ്പത്തില്‍ തീപിടിക്കാവുന്നതോ ആയതിനാലാണ് ഈ നിയന്ത്രണങ്ങള്‍. കൊപ്ര (ഉണക്ക തേങ്ങ) പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉണങ്ങിയ തേങ്ങ ചിരണ്ടിയത് കൊണ്ടുവരാന്‍ പാടില്ല. മുളകുപൊടി ഉള്‍പ്പെടെയുള്ള എല്ലാ പൊടിമസാലകളും കൈബാഗില്‍ അനുവദിക്കില്ല; ചെക്ക്ഡ്ഇന് ബാഗേജില്‍ അനുവദിക്കും. മുഴുവന്‍ തേങ്ങ കൈബാഗില്‍ അനുവദിക്കില്ല; ചെക്ക്ഡ്ഇന് ബാഗേജില്‍ അനുവദിക്കും. പച്ച തേങ്ങ ചിരണ്ടിയത് കൈബാഗിലും ചെക്ക്ഡ്ഇന് ബാഗേജിലും അനുവദിക്കും. നെയ്യ്, പാചകഎണ്ണ രണ്ടിടത്തും അനുവദിക്കുമെങ്കിലും ചെക്ക്ഡ്ഇന് ബാഗേജില്‍ ഒരാള്‍ക്ക് പരമാവധി 5 കിലോ മാത്രമാണ് അനുവാദം.
അച്ചാര്‍ രണ്ടിടത്തും അനുവദിക്കുമെങ്കിലും മുളക് അച്ചാര്‍ ചെക്ക്ഡ്ഇന് ബാഗേജില്‍ മാത്രം. യുഎഇയിലേക്ക് വ്യക്തിപരമായ ഉപയോഗത്തിനുള്ള ഭക്ഷണം കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും വെറ്റില (പാന്‍) പാകം ചെയ്ത ഭക്ഷണം തുടങ്ങിയവക്ക് നിയന്ത്രണങ്ങളുണ്ട്.
കസകസ (Poppy seeds), ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ്ബോര്‍ഡ്, മത്സ്യബന്ധന വടി, അളവെടുപ്പ് ടേപ്പ്, കളിത്തോക്കുകളും യഥാര്‍ത്ഥ തോക്കുകളുടെ മാതൃകകളും, വില്ലും അമ്പും, ആയുധങ്ങളും അവയുടെ മാതൃകകളും, 6 സെന്റിമീറ്ററോ അതിലധികമോ നീളമുള്ള കത്തികള്‍, പടക്കങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ ഒരു കാരണവശാലും അനുവദിക്കില്ല. മരുന്നുകള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്.
നിയന്ത്രിത മരുന്നുകള്‍ യുഎഇയിലേക്ക് കൊണ്ടുപോകണമെങ്കില്‍ യാത്രയ്ക്ക് മുമ്പ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മുന്‍കൂര്‍ അനുമതി വാങ്ങണം. ഇത്തരം മരുന്നുകള്‍ക്ക് ഡോക്ടറുടെ കുറിപ്പും കൈവശം കരുതണം. സാധാരണ കുറിപ്പടി മരുന്നുകള്‍ക്കും കൗണ്ടറില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. മയക്കുമരുന്നുകള്‍ക്ക് പൂര്‍ണ നിരോധനമുണ്ട്. കസകസ നിരോധിത ലഹരിവസ്തുക്കളുടെ ലിസ്റ്റിലുള്ളതിനാല്‍ പ്രധാനമായും ശ്രദ്ധിക്കുക.
നിയമങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ട വിമാനക്കമ്പനിയെയോ യുഎഇ എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപിക്കുന്നത് ഉചിതമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
