‘അറബിക്കടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം. ശ്രീയെ കടലില്‍ എറിയുന്നത് മാറ്റിവെച്ചു’: മുസ്‌ലിം ലീഗിനെ പരിഹസിച്ച് കെ.ടി. ജലീല്‍

News Desk
2 Min Read

മലപ്പുറം: പി.എം. ശ്രീ പദ്ധതിയില്‍ തുടരാനുള്ള യു.ഡി.എഫിന്റെ നീക്കങ്ങള്‍ക്കിടെ മുസ്‌ലിം ലീഗിനെ പരിഹസിച്ച് മുന്‍ ഇടത് എം.എല്‍.എ കെ.ടി. ജലീല്‍. അറബിക്കടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം. ശ്രീയെ കടലില്‍ എറിയുന്നത് മാറ്റിവെച്ചുവെന്നും പാണക്കാട്ടില്‍ നിന്നാണ് ഇത്തരമൊരു അറിയിപ്പ് ലഭിച്ചതെന്നുമാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇടത് സര്‍ക്കാര്‍ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചപ്പോള്‍, അധികാരത്തിലെത്തിയാല്‍ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് ചില ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പരിഹാസം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സാഹചര്യത്തില്‍, അത്തരമൊരു മദ്യക്കുളം ഉണ്ടാക്കി അതിലേക്ക് പി.എം. ശ്രീയെ എറിഞ്ഞാലും കുഴപ്പമില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പരിഹസിച്ചു.

അതേസമയം, പദ്ധതിയില്‍ തുടരുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസഹായം നിര്‍ണായകമായ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് സംസ്ഥാനത്തിന് സാമ്പത്തിക തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഈ നിലപാടിന് പിന്നില്‍. Education

മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം, നിയമോപദേശം, കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകളുടെ ഫലം എന്നിവ വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് നിയമപരമായി പ്രയാസമാണെന്ന ഉപദേശവും സര്‍ക്കാരിന് ലഭിച്ചതായി അറിയുന്നു.

പദ്ധതി പ്രകാരം ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം കേന്ദ്രസഹായം ലഭിക്കും. ഈ തുക നഷ്ടമാകുന്നതിന് പുറമെ മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ധനസഹായത്തെയും ഇത് ബാധിച്ചേക്കാമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.

ഇതിനിടെ, ഉപസമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം യു.ഡി.എഫും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ലീഗ് എം.പി. അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടി നല്‍കിയ കേന്ദ്രമന്ത്രി ജയന്ത് ചൗധരി, പി.എം. ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന്‍ കഴിയുമെന്ന് സൂചന നല്‍കിയിരുന്നു. അതേസമയം, കോണ്‍ഗ്രസ് എം.പി. ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി കേരളത്തിന് ഇതുവരെ പി.എം. ശ്രീ പദ്ധതിയുടെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും, 2025 ഒക്ടോബര്‍ 2ന് ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌കൂളുകളുടെ പട്ടിക കൈമാറുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article